ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ ഐബിറ്റ് റസിഡൻഷ്യൽ, പരിശീലന സൗകര്യങ്ങൾ പരിമിതമായ ജില്ലാ ആസ്ഥാനത്ത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ബഹുനില മന്ദിരത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും വനിതാ സംരംഭകർക്കുള്ള തൊഴിൽ പരിശീലനവും ലക്ഷ്യമാക്കിയാണ് മൂന്ന് നിലകളുള്ള പരിശീലന കേന്ദ്രം പ്രവർത്തനസജ്ജമായിരിക്കുന്നത്.
100 പേർക്ക് താമസസൗകര്യവും പരിശീലനവും ഒരേസമയം നൽകാൻ ശേഷിയുള്ള കേന്ദ്രത്തിൽ ജില്ലയിൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ചതും സമഗ്രവുമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
=ഒരു കോടി 49 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം സാക്ഷാത്കരി ച്ചത്.
=കുടുംബശ്രീ സംഘടിപ്പിക്കുന്ന എല്ലാവിധ പരിശീലനങ്ങളും
വിവിധ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനവും ഇവിടെ നടക്കും.
കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ പരിശീലനങ്ങളും ഇവിടെ സംഘടിപ്പിക്കും.ബാലസഭ, കുടുംബശ്രീ എംഐഎസ് മാനേജർ ഇൻഫർമേഷൻ സിസ്റ്റം), ചെറുകിട സംരംഭകർക്കുളള പരിശീലനം, ട്രൈബൽ ആനിമേറ്റർമാർക്കുള്ള പരിശീലനം, കുടുംബശ്രീ മിഷൻ ജീവനക്കാർക്കുള്ള പരിശീലനം എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കുടുംബശ്രീ അംഗങ്ങളായ അഗ്രി സിആർപിമാർ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ),കുട്ടികർഷകർ എന്നിവർക്കും പരിശീലനം ഒരുക്കും. കുടുംബശ്രീ അംഗങ്ങളായ വനിതൾക്ക് മാത്രമായിരിക്കും പരിശീലനത്തിന് സൗകര്യം.കുടുംബശ്രീയുടെ പ്രതിമാസ അവലോകനയോഗങ്ങൾ ഇവിടെ സംഘടിപ്പിക്കും. നിലവിൽ ബാലസഭ ആർ.പിമാർക്കുള്ള ജില്ലാതല പരിശീലനം നടന്നുവരുന്നു.
പരിശീലന പരിപാടികൾ ദൈർഘ്യം ഉള്ളവയാണെങ്കിൽ ദൂരപ്രദേശങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾക്ക് ഡോർമെറ്ററി സേവനങ്ങളും ഫ്രഷ് അപ്പ് സൗകര്യവും ഐബിറ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സൗകര്യത്തിനായി സമീപത്തെ സംരംഭ യൂണിറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും. മിതമായ നിരക്കിലായിരിക്കും താമസ സൗകര്യങ്ങൾ ഒരുക്കുക. വാഴത്തോപ്പ് സി.ഡി.എസിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ ക്രമീകരിക്കും.കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനവും നിലവിലുണ്ട്.