തൊടുപുഴ: കോരിച്ചൊരിയുന്ന മഴയിലും പ്രസിദ്ധമായ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധപുണ്യം നുകർന്നത് അറുപതിനായിരത്തിലേറെ പേർ. കഴിഞ്ഞ വർഷമിത് നാല്പതിനായിരമായിരുന്നു. പുലർച്ചെ ഒന്ന് മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരുന്നു ഔഷധസേവ. തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതർ ഔഷധ സൂക്തം ജപിച്ച് ചൈതന്യ വക്താക്കിയ ഔഷധം കൊച്ചി ഇസ്‌കോൺ ശാഖയിലെ ഭക്തർ വിതരണം ചെയ്തു. ഔഷധം സേവിച്ച് കൈകൾ ശുദ്ധമാക്കി ക്ഷേത്രത്തിൽ പ്രവേശിച്ച് ദർശനത്തിന് ശേഷം ഔഷധക്കഞ്ഞിയും കുടിച്ചാണ് ഭക്തർ മടങ്ങിയത്. പ്രശസ്ത സിനിമാതാരം ഹരിശ്രീ അശോകൻ, ഭാഗവത സപ്താഹ ആചാര്യൻ സ്വാമി ഉദിത് ചൈതന്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ രാജേഷ് പാണാവള്ളി എന്നിവരടക്കം കേരളത്തിന് പുറത്ത് നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വരെ ഭക്തർ ഔഷധം സേവിക്കാനെത്തിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മാധവൻ പോറ്റി, പി.കെ.കെ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു.

ക്ഷേത്രം സഹരക്ഷാധികാരി എം.ആർ. ജയകുമാർ, പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി. പിള്ള, ഖജാൻജി എം.എൻ. രവീന്ദ്രൻ, മാനേജർ കെ.ആർ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 250 അംഗ സമിതി മൂന്ന് മാസമായി ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിച്ചു. രാവിലെ മുതൽ തൊടുപുഴയിൽ നിന്ന് ഇടവെട്ടിയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസും നടത്തിയത് ഭക്തർക്ക് ഉപകാരമായി.