തൊടുപുഴ: വർഷങ്ങളായി ഉയരുന്ന ചോദ്യത്തിന് മറുപടിയായി, നിർമ്മാണം പൂർത്തീകരിച്ച മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് 15നകം തുറന്ന് നൽകും. ഇതിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന ലേലത്തിൽ ആറ് കടമുറികൾ കൂടി വാടകയ്ക്ക് പോയിട്ടുണ്ട്. ഇതോടെ മൊത്തം 36 മുറികളാണ് ലേലത്തിൽ പോയിരിക്കുന്നത്. മുമ്പ് 30 മുറികൾ ലേലത്തിൽ പോയത് ഉൾപ്പെടെയാണിത്. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിൽ ആകെ 123 മുറികളാണുള്ളത്. ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കാണ്. രണ്ടാം നില മുഴുവനായും സർക്കാർ സ്ഥാപനങ്ങൾക്കാണ്. മുമ്പ് ലേലം ചെയ്ത് നൽകിയ മുറികൾ തുറന്ന് പ്രവർത്തിക്കാനാവാത്തതിനാലാണ് 31ന് നടന്ന ലേലത്തിൽ കൂടുതൽ മുറികൾ വിറ്റ് പോകാത്തതെന്ന വിലയിരുത്തലുമുണ്ട്. പൂർണമായും കോംപ്ലക്സ് തുറന്ന് പ്രവർത്തിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ നേരത്തെ പൂർത്തികരിച്ചിരുന്നെങ്കിലും ഇലക്ട്രിക് ജോലികൾ, ലിഫ്റ്റ്, ഫയർ സംവിധാനങ്ങൾ, വാട്ടർ ടാങ്ക്, പാർക്കിങ് ഏരിയ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസങ്ങൾ മൂലമാണ് പ്രവർത്തനം തുടങ്ങാനാകാത്തത്. എന്നാൽ ഏതാനും മാസങ്ങൾക്കിടയിൽ വിവിധ ഘട്ടങ്ങളായി തടസം നീക്കിയതോടെ പൂർണ സജ്ജമായി പ്രവർത്തനം തുടങ്ങാൻ സാധിക്കും. കെട്ടിടം യഥാ സമയം തുറന്ന് നൽകി പ്രവർത്തിപ്പിക്കാത്തതിൽ നഗരസഭയ്ക്കെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനെല്ലാം രണ്ടാഴ്ചക്കുള്ളിൽ പരിഹാരമാകുകയാണ്.
ബസ് സർവീസുകളെത്തിക്കും
ഷോപ്പിംഗ് കോംപ്ലക്സ് തുറക്കുന്നതോടെ ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ് ആർ.ടി.സി ബസ് സർവീസുകളും ദീർഘദൂര സ്വകാര്യ ബസ് സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ട്. വൈക്കം- കൂത്താട്ടുകുളം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളാണ് പ്രധാനമായും ഓപ്പറേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഈ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നതും ആലോചിക്കും. ഇതിന് പുറമെ മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തേക്കുള്ള ദീർഘദൂര- സ്വകാര്യ ബസ് സർവീസുകൾ കൂടി ആരംഭിക്കാൻ ശ്രമം നടത്തും. മുമ്പ് വൈക്കം ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിന്ന് സർവീസ് നടത്തിയിരുന്നതാണ്. ഇക്കാര്യം ഉടനടി ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസ് സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇതിനൊപ്പം മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ നാലുവരിപ്പാത വഴി മങ്ങാട്ടുകവല സ്റ്റാൻഡിലെത്തി ടൗണിലേക്ക് പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ഉൾപ്പെടുത്തും.
' ഷോപ്പിംഗ് കോംപ്ലക്സ് 15നകം തുറന്ന് നൽകും. ഇതോടൊപ്പം കോംപ്ലക്സ് യാഡിൽ ബസ് ടെർമിനൽ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. കോംപ്ലക്സ് പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ കടമുറികൾ ലേലത്തിൽ പോകുമെന്നാണ് പ്രതീക്ഷ "
-കെ. ദീപക് (നഗരസഭ ചെയർമാൻ)