ഇടുക്കി: ചിന്നാർ വന്യജീവി സങ്കേതത്തിന് സമീപമുള്ള മാങ്ങാപ്പാറകുടി

വനമേഖലയിലുള്ള ആദിവാസി കോളനിയിൽ ആറ് കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വുമൺ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസർ, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പട്ടികവർഗ വികസന ഓഫീസർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വുമൺ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസർ, എസ്.ടി ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർ പ്രത്യേകം റിപ്പോർട്ട് നാലാഴ്ചക്കകം നൽകണം. സെപ്തംബർ രണ്ടിന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ആർ.ഡി.ഒ, ജില്ലാ വുമൺ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എസ്.ടി ഡെവലപ്‌മെന്റ് ഓഫീസർ എന്നിവരുടെ പ്രതിനിധികൾ ഹാജരാകണമെന്ന് ഉത്തരവിൽ പറഞ്ഞു. അഞ്ചിനും ആറിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.