തൊടുപുഴ: കുട്ടികൾ പ്രതീക്ഷിച്ച പോലെ ആദ്യദിനം ഫ്രൈഡ് റൈസോ പായസമോ ഒന്നും കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച ഉച്ചഭക്ഷണത്തിന്റെ മെനു ഇന്നലെ സ്കൂളുകളിൽ നിലവിൽ വന്നു. മുമ്പുണ്ടായിരുന്ന പോലെ തന്നെ ഊണും സാമ്പാറും തോരനുമാണ് ഇന്നലെ നൽകിയത്. നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 20 ദിവസത്തെ മെനു പ്രകാരമുള്ള വിഭവങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും. ഇത് പ്രകാരം ആഴ്ചയിലൊരിക്കൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, ബിരിയാണി, ലെമൺ റൈസ്, ടൊമാറ്റോ റൈസ്, എരിശേരി, സോയാകറി, ഇലക്കറികൾ, വിവിധ തരം ചമ്മന്തികൾ, പായസം എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം ലഭിക്കും. മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവുമുണ്ടാകും. പുതിയ മെനുവിനെക്കുറിച്ച് രുചി രജിസ്റ്ററിൽ രേഖപ്പെടുത്തി കുട്ടികളുടെ പ്രതികരണം തേടണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. കുട്ടികളിൽ വിളർച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ വിഭവങ്ങളുൾപ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം ചെയ്യാത്തതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. എന്നാൽ പരിഷ്‌കരിച്ച മെനു നടപ്പാക്കുന്നതിന് മുമ്പേ തന്നെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരി എത്തിച്ചു.

പ്രഭാതഭക്ഷണം

നിർബന്ധം

പ്രഭാത ഭക്ഷണം രാവിലെ 11.20ന് തന്നെ നൽകണമെന്നത് നി‌ർബന്ധമാക്കി. നേരത്തെ പ്രത്യേക സമയമുണ്ടായിരുന്നില്ല. മുമ്പത്തെ പോലെ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മുട്ടയും പാലുമുണ്ടാകും. പുതിയ മെനു പ്രകാരം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇനി മുതൽ പൊടിയരിക്കഞ്ഞിയും നൽകും.

ആശങ്കയ്ക്ക്

ശമനമില്ല
പ്രഭാത ഭക്ഷണത്തിന്റെ സമയക്രമത്തിൽ അദ്ധ്യാപക‌ർക്ക് ആശങ്കയുണ്ട്. രാവിലെ 11.20നുള്ള 10 മിനിട്ട് ഇടവേളയിൽ കുട്ടികൾ പ്രാഥമിക കൃത്യങ്ങൾക്കും മറ്റും പോകുന്ന സമയമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കുട്ടികൾക്കും എങ്ങനെ ആഹാരം നൽകുമെന്നതാണ് പ്രതിസന്ധി. മെനുവിൽ ഉൾപ്പെട്ടിട്ടുള്ള ചില വിഭവങ്ങൾ വിപണിയിൽ വിരളമാണ്. ഇലക്കറികൾ പോലുള്ള വിഭവങ്ങൾ എല്ലാം കുട്ടികൾക്കും ഇഷ്ടപ്പെടുമോ എന്നും സംശയമുണ്ട്. മറ്റൊരു പ്രശ്നം വിഹിതം കൃത്യമായി നൽകാത്തതാണ്. പ്രധാനഅദ്ധ്യാപകർ മുൻകൂറായി മുടക്കുന്ന പണം കൃത്യമായി ലഭിക്കണമെന്നതാണ് ആവശ്യം. ഇത്തവണ ജൂണിൽ മുടക്കിയ പണം കൃത്യമായി ലഭിച്ചു. മുൻ വർഷങ്ങളിൽ മൂന്നും നാലും മാസം വൈകിയാണ് ലഭിച്ചിരുന്നത്.