palam

കട്ടപ്പന: അയ്യപ്പൻകോവിൽ -കൂരാമ്പാറ പാലത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധം ശക്തം. മേരികുളത്തു നിന്നും ആറേക്കർ ആലടി തുടങ്ങി വിവിധ മേഖലകളിലേക്ക് നിരവധി വാഹന കാൽനട യാത്രികർ കടന്നുപോകുന്ന പാലമാണ് നാളുകളായി അവഗണനയുടെ വക്കിൽ നിൽക്കുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയുടെ നിർമാണ സമയത്ത് മേരികുളത്തു നിന്ന് ആലടിയിലേക്ക് വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴിയാണ് തിരിച്ച് വിട്ടിരുന്നത്. ഭാരവാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെ 60 വർഷം പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചു. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനും ബുദ്ധിമുട്ടാണ്. ഉടനടി അറ്റകുറ്റപ്പണി പൂർത്തികരിച്ച് പാലം സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.