ചെറുതോണി: വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തെ കൂട്ടായി നേരിടാൻ വാർഡ് തലത്തിൽ കർഷക ജാഗ്രത സേന രൂപീകരിച്ചു വരികയാണെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് എൻ.വി. ബേബി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതത് പ്രദേശങ്ങളിൽ നേരിടേണ്ടി വരുന്ന വന്യജീവി ആക്രമണത്തെ ജനങ്ങളെ സജ്ജരാക്കി പ്രതിരോധിക്കുക, ഫെൻസിംഗ് നിർമ്മാണത്തിൽ ഇടപെടുക, കർഷക ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കർഷകരെ സഹായിക്കുക, നിക്ഷിപ്ത താൽപ്പര്യത്തോടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ചെറുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനാണ് കർഷക പ്രതിരോധ സേന രൂപീകരിക്കുന്നത്. വാർഡ് തലത്തിൽ രൂപീകരിക്കുന്ന സേനയ്ക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകുമെന്നും നേതാക്കൾ പറഞ്ഞു. പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് തല രൂപീകരണ യോഗത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിൽ എമ്പാടും സേനാ രൂപീകരണം പൂർത്തിയാക്കുമെന്നും നേതാക്കൾ പറഞ്ഞു.