തൊടുപുഴ: ന്യൂമാൻ കോളേജ് തൊടുപുഴയിലെ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ അന്താരാഷ്ട്ര കോൺഫ്രൻസ് ആരംഭിച്ചു. 'സാമ്പത്തിക പരോഗതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം' എന്ന വിഷയങ്ങളെ ആസ്പദമാക്കി നടന്ന കോൺഫ്രൻസ് വിദ്യാഭ്യാസ വിദഗ്ധരുടെയും ഗവേഷകരുടെയും സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായി.
കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അദ്ധ്യക്ഷനായ ചടങ്ങിൽ ഉദ്ഘാടന പ്രഭാഷണം സസെക്സ് സർവകലാശാലയിലെ പ്രൊ. വിനിത ദാമോദരൻ നിർവഹിച്ചു. എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും, ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.. കാലാവസ്ഥ വ്യതിയാനവും കോളനിവൽക്കരണ കാലത്തെ വനനശീകരണത്തെ പറ്റിയും ആനുകാലിക കാലാവസ്ഥ വ്യതിയാന ചർച്ചകളുടെ പ്രാധാന്യത്തെ പറ്റിയും സമ്മേളനത്തിൽ സംസാരിച്ചു. വിഷയാതീതമായി ഏകകൃത സ്വഭാവത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുവാനും അതുവഴി പരിസ്ഥിതി സംരക്ഷണവും കാർഷിക വികസനവും സുസ്ഥിരതയും ഉറപ്പാക്കുവാനും സഹായിക്കുമെന്ന് ഡോക്ടർ സിറിയക് തോമസ് അഭിപ്രായപ്പെട്ടു. പ്രസ്തുത കോൺഫ്രൻസ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആശയവിനിമയത്തിന്റെയും അറിവ് സമ്പാദനത്തിന്റെയും വേദിയായി മാറി. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ സർവ്വകലാശാലകളിൽ നിന്നായി 160ലധികം പ്രബന്ധങ്ങൾ ഈ കോൺഫറൻസിൽ അവതരിപ്പിക്കും.