ചെറുതോണി: കട്ടപ്പന നഗരസഭയുടെ പരിധിയിൽ വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളായ വെള്ളയാംകുടി കക്കാട്ടുകട റോഡിന് ആറ് കോടി രൂപയും കട്ടപ്പന നേതാജി ബൈപാസ് റോഡിന് ഒരു കോടി രൂപയും അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള മന്ത്രിസഭ നടത്തിയ നവ കേരള സദസ്സിന്റെ ഭാഗമായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. വെള്ളയാംകുടിയിൽ നിന്ന് കട്ടപ്പന ടൗണിൽ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും ടൗണിന്റെ ഇതര ഭാഗങ്ങളിലേക്കും ബൈപ്പാസിലൂടെ യാത്ര ചെയ്യാം. നിലവിൽ നിർമ്മാണം നടക്കുന്ന മലയോര ഹൈവേ കൂടാതെ മറ്റ് റോഡുകൾ കൂടി നവീകരിക്കുന്നതിലൂടെ കട്ടപ്പന ടൗണിൽ ഉണ്ടാകാവുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ കഴിയും. ഇതോടൊപ്പം തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭാര വാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും ടൗണിൽ പ്രവേശിക്കാതെ ഇതര മാർഗങ്ങളിലൂടെ സഞ്ചരിക്കാനാകും. ശബരിമല തീർത്ഥാടന കാലങ്ങളിൽ നിരവധി ഭക്തന്മാരാണ് കട്ടപ്പന വഴി എരുമേലിയിലേക്ക് പോകുന്നത്. കട്ടപ്പന പുളിയന്മല റോഡിനെ പാറക്കടവ് വഴി തിരിച്ച് വിടാൻ കഴിയും. മലയോര മേഖലയായതിനാൽ നിലവിലുള്ള റോഡിന്റെ വീതി കൂട്ടുന്നത് അപ്രായോഗികമാണ്. നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. എന്നാൽ ദേശിയപാത ഇതുവഴി കടന്നു പോകേണ്ടതായി വരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടൗണിൽ പ്രവേശിക്കാതെ തന്നെ വഴി പൂർത്തിയാക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.