ജാമ്യം പോര, കുറ്റപത്രവും പിൻവലിക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
തൊടുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോതമംഗലം രൂപതയിലെ സി.ആർ.ഐയുടെയും രൂപതയിലെ വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴയിൽ നടത്തിയ പ്രാർത്ഥനാ റാലിയിൽ അണിനിരന്നത് നൂറുകണക്കിന് പേർ. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടന്ന സമ്മേളനത്തിലും തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിലേക്ക് നടത്തിയ ജപമാല റാലിയിലും രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കന്യാസ്ത്രീകളും വൈദികരും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമാണ് പങ്കുചേർന്നത്. ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയുള്ള പ്ലക്കാർഡുകളും കൈയിലേന്തി, പ്രാർത്ഥന നിർഭരരായി നടത്തിയ റാലിയെ തുടർന്ന്, സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആരാധനയോടെ സമാപിച്ചു. സമ്മേളനം കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മാത്രം പോരെന്നും അവരുടെ പേരിലുള്ള കുറ്റപത്രം പിൻവലിച്ച് നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത ഭീകരവാദികളുടെ പിടിയിലായ ഉദ്യോഗസ്ഥരും ഭരണകൂടവും തെറ്റായ നിലപാട് തിരുത്തണമെന്നും ബിഷപ്പ് പറഞ്ഞു. ഫാ. റോയി കണ്ണൻചിറ സി.എം.ഐ, സിസ്റ്റർ ജോസിയാ എസ്.ഡി എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത വികാരി ജനറൽമാരായ മോൻസഞ്ഞോർ പയസ് മലേ കണ്ടത്തിൽ, മോൻസഞ്ഞോർ വിൻസെന്റ് നെടുങ്ങാട്ട്, രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ, പ്രോക്യൂറേറ്റർ ഫാ. ജോസ് പുൽപ്പറമ്പിൽ, വിവിധ സന്യാസ സഭകളുടെ പ്രൊവിൻഷ്യൽമാരായ ഫാ. ജെയിംസ് നിരവത്ത് ഓ.സി.ഡി, ഫാ. മാത്യു മഞ്ഞകുന്നേൽ സി.എം.ഐ, സിസ്റ്റർ മെറീന സി.എം.സി, സിസ്റ്റർ ലിസി തെക്കേകുറ്റ് സി.എം.സി, സിസ്റ്റർ അഭയ എം.എസ്.ജെ, സിസ്റ്റർ കൊച്ചു റാണി എസ്.ഡി, സിസ്റ്റർ ടാൻസി എസ്.എം.എസ്, സിസ്റ്റർ ലിൻസി സി.എസ്.എൻ, സിസ്റ്റർ മെർലി തെങ്ങുംപള്ളി എസ്.എ.ബി. എസ്, സിസ്റ്റർ മെർലിൻ എഫ്.സി.സി, സിസ്റ്റർ മാഗി എ.എസ്.എം.ഐ, ഫാ. റോയി കണ്ണൻചിറ, സിസ്റ്റർ ജോസിയാ എസ്.ഡി എന്നിവർ നേതൃത്വം നൽകി.