അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ ക്യാഷ്വാലിറ്റി സെക്ഷനിലുണ്ടായിരുന്ന പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ പനിക്ക് ചികിത്സ തേടിയെത്തിയ കുഞ്ഞിനെ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്ന് പരാതി.അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂർത്തിയാണ് പരാതിയുമായി രംഗത്ത് വന്നത്.രണ്ടര വയസ്സുള്ള തന്റെ കുഞ്ഞിന് പനിയും ചുമയുമായിട്ടാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയതെന്ന് കൃഷ്ണമൂർത്തി പറയുന്നു.ഒ പി വിഭാഗത്തിൽ പീഡിയാട്രിക് ഡോക്ടർ ഇല്ലെന്നറിഞ്ഞതോടെ ക്യാഷ്വാലിറ്റി സെക്ഷനിൽ ഉണ്ടായിരുന്ന പീഡിയാട്രിക് ഡോക്ടറെ കാണിക്കുവാൻ കുഞ്ഞുമായി എത്തിയെന്നും ഡോക്ടറുടെ അടുക്കൽ എത്തിയെങ്കിലും കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടർ കൂട്ടാക്കിയില്ലെന്നുമാണ് പരാതി.പീഡിയാട്രിക് ഡോക്ടർ പരിശോധിക്കാതെ വന്നതോടെ കുഞ്ഞിനെ മറ്റൊരു ഡോക്ടറുടെ അടുക്കൽ എത്തിച്ച് ചികിത്സ തേടി മടങ്ങിയതായും ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുമെന്നും കെ.കൃഷ്ണമൂർത്തി പറഞ്ഞു.അതേ സമയം വിഷയം ശ്രദ്ധയിൽപ്പെട്ടതായും ഇത് സംബന്ധിച്ച് ഡോക്ടറോട് വിശദീകരണം തേടിയതായും ആശുപത്രി സൂപ്രണ്ട്പറഞ്ഞു.