തൊടുപുഴ: ജില്ലയിൽ അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി എക്‌സൈസ് പിടികൂടിയ 54 വാഹനങ്ങൾ 14ന് ലേലംചെയ്യും. ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ജില്ലാ എക്‌സൈസ് ഡിവിഷനിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ട് കെട്ടിയതുമായ ഓട്ടോറിക്ഷ -11, മോട്ടോർ സൈക്കിൾ - 21, കാർ - 6, സ്‌കൂട്ടർ -15, പിക്ക് അപ്പ് - 1 എന്നീ വാഹനങ്ങളാണ് പരസ്യലേലം ചെയ്യുക. അബ്കാരി കേസുകളിലെ 29 വാഹനങ്ങളും എൻ.ഡി.പി.എസ് കേസുകളിലെ 25 വാഹനങ്ങളുമാണുള്ളത്. കുയിലിമലയിലെ ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 14ന് രാവിലെ 11 നാണ് ലേലം. ഡിസ്‌പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ലേല നടപടികൾ. ഡെപൃൂട്ടി കമ്മിഷണർ, അസി. എക്‌സൈസ് കമ്മിഷണർ, സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്നതാണ് ഡിസ്‌പോസൽ കമ്മിറ്റി. അബ്കാരി കേസുകളിലെ വാഹനങ്ങളുടെ കാര്യത്തിൽ ഈ കമ്മിറ്റി നേരിട്ട് തീരുമാനമെടുക്കുമെങ്കിലും മയക്കുമരുന്ന് കേസുകളിൽ പിടികൂടിയ വാഹനങ്ങളുടെ കാര്യത്തിൽ മജിസ്‌ട്രേറ്റ് ഇൻവെന്റ്റി സാക്ഷ്യപ്പെടുത്തി നൽകണം. ഇതിനായി ഡിസ്‌പോസൽ കമ്മിറ്റിയുടെ മിനിട്സ് സഹിതം ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്നാണ് ലേല നടപടികൾ. മുമ്പ് ഓൺലൈൻ ലേലം നടത്തിയ 17 വാഹനങ്ങളിൽ എട്ടെണ്ണം മാത്രമാണ് വിറ്റ് പോയത്. കേന്ദ്രസർക്കാർ വെബ്‌സൈറ്റായ എം.എസ്.ടി.സി വഴിയാണ് ലേലം നടത്തിയത്. എന്നാൽ വില അടക്കമുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്നവരിലേറെയും തൃപ്തരല്ലാത്തതിനാലാണ് ലേലത്തിനെടുത്ത വാഹനങ്ങൾ അന്ന് പൂർണമായും വിറ്റ് പേകാത്തതെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസ്, ജില്ലയിലെ എക്‌സൈസ് ഓഫീസുകൾ, എക്സൈസ് വകുപ്പിന്റെ keralaexcise.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിൽ നിന്ന് അറിയാം.
ആകെയുള്ളത് 530 വാഹനങ്ങൾ
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി 530 വാഹനങ്ങളാണുള്ളത്. അബ്കാരി കേസ്- 200, എൻ.ഡി.പി.എസ് - 350 എന്നിങ്ങനെയാണ് കണക്ക്. ഇവയിൽ നിന്ന് ഉപയോഗയോഗ്യമെന്ന് ഡിസ്‌പോസൽ കമ്മിറ്റി കണ്ടെത്തിയ വാഹനങ്ങൾ മാത്രമാണ് ലേലത്തിനെടുത്തിരിക്കുന്നത്.
വാഹനങ്ങൾ ഇവിടെ
വാഹനങ്ങൾ തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, മറയൂർ, ദേവികുളം, വണ്ടിപ്പെരിയാർ എന്നീ എക്‌സൈസ് റേഞ്ച് ഓഫീസുകളിലും മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഇടുക്കി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റിനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായാണുള്ളത്. ഇവ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.