ksta

തൊടുപുഴ: കന്യാസ്ത്രീകൾക്ക് തിരുവസ്ത്രം ധരിച്ച് നിർഭയം സഞ്ചരിക്കാൻ കഴിയുന്ന സംസ്ഥാനമാണ്‌ കേരളമെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്താണ് ഇതിന് കാരണമെന്നും ജില്ലാ വികസനസമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം യാദൃശ്ചികമല്ല. ബി.ജെ.പി ഭരണത്തിൽ രാജ്യം സവർണാധിപത്യത്തിലേക്ക്‌ പോകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണത്തിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് നൂറുകണക്കിന് ക്രിസ്ത്യൻ ദേവലയങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള കേരളത്തിൽ അതിന് കഴിയാത്തത് ഇടതുപക്ഷത്തിന്റെ കരുത്തുകൊണ്ടാണ്.

കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, സംസ്ഥാന എക്സിക്യുട്ടീവ് കെ.വി. അനീഷ്ലാൽ, സംസ്ഥാന എക്സിക്യുട്ടീവ് എം. രമേശ്, സംസ്ഥാന കമ്മിറ്റി അംഗം അപർണ നാരായണൻ, ജില്ലാ ട്രഷറർ എം. തങ്കരാജ്, പി.ആർ. ബിന്ദു, കെ.ജെ. ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് കെ.എസ്.ടി.എ ഓഫീസ് പരിസരത്തു നിന്നാണ് ആരംഭിച്ചത്. തോരാതെ പെയ്ത മഴയിലും നൂറുകണക്കിന് അദ്ധ്യാപകർ മാർച്ചിലും ധർണയിലും പങ്കെടുത്തു.