kattana

പീരുമേട്: കല്ലാർ പുതുവലിൽ വിറക്‌ ശേഖരിക്കാൻ പോയയാളെ കാട്ടാന ഓടിച്ചു. ഇയാൾക്ക് വീണ് പരിക്കേറ്റു. കല്ലാർ പുതുവൽ പാമ്പാക്കുടയിൽ ഷെജിയാണ് (58) കാട്ടാനയെ കണ്ട് ഓടി വീണ് വാരിയെല്ല് പൊട്ടിയത്. ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്നു മണിയോടെയായിരുന്നു പ്രദേശത്തെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകൾ ഇറങ്ങിയത്. ഏതാനും ദിവസങ്ങളായി പ്രദേശത്തെ കർഷകരുടെ കൃഷികൾ വ്യാപകമായി ആന നശിപ്പിച്ചു. പട്ടുമല പുതുവൽ, കല്ലാർ പുതുവൽ, ഓട്ടപ്പാലം, കല്ലാർ കവല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചത്. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചങ്കിലും ആന ഉൾവനത്തിലേക്ക്‌ പോയിട്ടില്ല. ഒരു മാസമായി ആന കല്ലാർ കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയാണ്.

രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന കാട്ടാനകൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരിക്കയാണ്. നിരവധി കർഷകരുടെ ഏലം നശിപ്പിച്ചു. നിരവധി നിരവധി കർഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയും പതിവുപോലെ കാട്ടാനകൾ കൂട്ടമായി പ്രദേശത്ത് എത്തിയിരുന്നു. ആനകൾ തേയിലതോട്ടത്തിൽ നില ഉറപ്പിച്ചിരിക്കുന്നതിനാൽ കൊളുന്ത് എടുക്കുന്ന സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ വൻ പ്രതിസന്ധിയെ നേരിടുകയാണ്. പീരുമേട്ടിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ തുരത്താൻ നടപടി സ്വീകരിച്ചെങ്കിലും ആന കറങ്ങി തിരിഞ്ഞ് പ്രദേശത്ത് തന്നെ നിൽക്കുകയാണ്.