roshi
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

 ഖാദി ഉത്പന്നങ്ങൾ രാജ്യസ്‌നേഹത്തിന്റെ പ്രതീകം: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: രാജ്യസ്‌നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉത്പന്നങ്ങളെ നിലനിറുത്താൻ സാധിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്ന പ്രധാനപ്പെട്ട ഉത്പന്നമാണ് ഖാദി. മഹാത്മാ ഗാന്ധിയുടെ ഓർമ്മകളും സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യാനന്തര ഭാരതവും തുടങ്ങി ഒരു കാലഘട്ടത്തിന്റെ സ്മരണകൾ മാറ്റി നിറുത്താൻ പറ്റാത്ത മേഖലയായി ഖാദിയെ നമ്മൾ കാണുന്നു. ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ പുതിയ ഉത്പന്നങ്ങൾ ആധുനിക ഡിസൈനുകളോട് കൂടി സമൂഹത്തിലെത്തിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ. ദീപക്ക് അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ആദ്യവിൽപ്പനയും നഗരസഭാ കൗൺസിലർ പി.ജി. രാജശേഖരൻ സമ്മാനകൂപ്പൺ വിതരണവും നിർവഹിച്ചു. യോഗത്തിൽ ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു, പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്, ഖാദി ബോർഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. നവീന ഫാഷനിലുള്ള ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, വിവിധയിനം സാരികൾ, കോട്ടൺ ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ജൂബ്ബകൾ, ദോത്തികൾ, ഷർട്ട് തുണികൾ, വെള്ളമുണ്ടുകൾ എന്നിവയും തനത് ഗ്രാമവ്യവസായ ഉത്പന്നങ്ങളും മേളയിൽ നിന്ന് ലഭിക്കും. കൂടാതെ ഖാദി ഓണം മേളയിൽ ഓരോ ആയിരം രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പൺ വഴി ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി 14 ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. ആഴച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നൽകും. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും 25 ലക്ഷം രൂപയുടെ ആകർഷകമായ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ നാലിന് മേള അവസാനിക്കും.