dog

മൂന്നാർ: പഞ്ചായത്തിന്റെ ഒത്താശയോടെ ഇരുന്നൂറോളം തെരുവ് നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയെന്ന് പരാതി. സംഭവത്തിൽ മൂന്നാർ പഞ്ചായത്ത് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം,നായ്ക്കളെ പിടികൂടിയത് പ്രതിരോധ കുത്തിവയ്പ് നൽകാനാണെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് വ്യക്തമാക്കി.

തൊടുപുഴ അനിമൽ റസ്‌ക്യൂ ടീം അംഗങ്ങളായ എം.എ. കീർത്തിദാസ്,എം.ബി. ഓമന എന്നിവർ മുഖ്യമന്ത്രിക്കും മൂന്നാർ പൊലീസിലും പരാതി നൽകിയിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ഇരുന്നൂറോളം നായ്ക്കളെ പിടികൂടി ജൂലായ് 23,24 തീയതികളിലായി കെ.എൽ. 68 ബി 1921 ബൊലേറോ വാനിൽ മാലിന്യ പ്ലാന്റിലെത്തിച്ച് ജീവനോടെ കുഴിച്ചുമൂടിയെന്നാണ് പരാതി. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നായ്ക്കളെ പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവസ്ഥലം സന്ദർശിച്ച ശേഷമേ നായ്ക്കളെ കുഴിച്ചു മൂടിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരൂവെന്ന് മൂന്നാർ പൊലീസ് പറഞ്ഞു.

നായക്കളെ കുഴിച്ചുമൂടിയെന്ന പരാതി തികച്ചും തെറ്റാണ്. പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ ഡോക്ടർ എത്താതിനാൽ ഇവയെ പഴയ മൂന്നാറിലെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം ഇറക്കി വിട്ടു. നായ്ക്കളെ പിടികൂടുന്നതിനോ കൊല്ലുന്നതിനോ പഞ്ചായത്ത് മറ്റാർക്കും നിർദ്ദേശം നൽകിയിട്ടില്ല.

-മാർഷ് പീറ്റർ.

മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്