നെടുങ്കണ്ടം: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനെയും മകനെയും എതിർ ദിശയിൽ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയി. വിദ്യാർത്ഥിക്കും പിതാവിനും പരിക്ക്. അന്യാർതൊളു ഇടത്വാമെട്ട് സ്വദേശി മംഗലത്ത് ഗിരീഷിനും മകൻ ശ്രീഹരിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ നിർമ്മലാപുരത്തിന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വഴിയരികിലേക്ക് തെറിച്ചുവീണ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരിയുടെ വലത് കാൽ ഒടിഞ്ഞു. പിതാവ് ഗിരീഷിന്റെ പരിക്ക് സാരമല്ല. ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ ഇരുവരെയും തൂക്കുപാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്തു. എന്നാൽ ജീപ്പ് കണ്ടെത്താനായിട്ടില്ല.