തൊടുപുഴ: കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഇന്നലെ മൂന്ന് മണിക്ക് ശേഷം ആരംഭിച്ച മഴ ലോ റേഞ്ചിലടക്കം രാത്രി വൈകിയും തുടരുകയാണ്. മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറിന് മഞ്ഞ അലർട്ടാണ്. നിലവിൽ ഓറഞ്ച് അലർട്ടാണ്
പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ നടപടികൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ എല്ലാ വകുപ്പുകളും
സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊഴികെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ഈ ദിവസങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലേയാര മേഖലകളിലെ ട്രക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ സാഹസിക വിനോദങ്ങളും മുന്നറിയിപ്പ് മാറും വരെ നിറുത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകാനിടയുള്ള ദുരന്ത സാദ്ധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങളെ മാറ്റി പാർപ്പിക്കണം. ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടുള്ളതല്ല. അത്യാവശ്യ പ്രവർത്തനങ്ങൾക്കും ഫീൽഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഫീൽഡ് സ്റ്റാഫും ഫോൺ കോളിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഉറപ്പാക്കിയിട്ടുണ്ട്. വൻ ദുരന്തങ്ങൾ ഉണ്ടായാൽ ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാൻ ആർ.ടി.ഒ സജ്ജമായിരിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാനോ ജില്ലാതല ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അവധിയെടുക്കാനോ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.