മോഷണം തടയാൻ വിദഗ്ദ്ധ സംഘം വേണമെന്ന് ജില്ലാ പൊലീസ് മോധാവിക്ക് പരാതി
തൊടുപുഴ: വണ്ണപ്പുറത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി ഏതാനും മാസങ്ങളായി അരങ്ങേറുന്ന മോഷണ പരമ്പരക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി. വണ്ണപ്പുറം ടൗൺ ബൈപ്പാസ് റസിഡൻസ് അസോസിയേഷനാണ് ഇന്നലെ പരാതി നൽകിയത്. മോഷണം തടയാൻ വിദഗ്ദ്ധരായ പൊലീസ് സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കാളിയാർ പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടും മോഷ്ടാവ് വിലസുന്ന സാഹചര്യത്തിലാണ് പരാതിയുമായി എസ്.പിയെ നേരിട്ട് സമീപിച്ചത്. മോഷണ പരമ്പര തുടരുന്നതിനാൽ റസിഡൻസ് അസോസിയേഷൻ അതീവ ജാഗ്രതയിലാണ്. രാത്രി കാലങ്ങളിൽ നിരീക്ഷണം നടത്താൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏഴോളം മോഷണമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പും ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെന്നായിരുന്നു നാട്ടുകാർ കരുതിയത്. ആദ്യ കാലങ്ങളിൽ മേശപ്പുറത്ത് വച്ചിട്ടുള്ള പണവും സ്വർണാഭരണങ്ങളും മാത്രമാണ് മോഷ്ടിച്ചിരുന്നതെങ്കിൽ പിന്നീട് ഇത് തുടർന്നതോടെ നാട്ടുകാരുടെ ഉറക്കം തന്നെ കെടുത്തുകയായിരുന്നു. വണ്ണപ്പുറം - മുണ്ടുകണ്ടം പ്രദേശത്ത് പല വീടുകളിലും മോഷണ ശ്രമവും നടന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഒരു പൊലീസുകാരന്റെ വീടിന് പുറകിൽ നിന്നും പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്നതെന്ന് കരുതുന്ന ഉപകരണം കിട്ടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഇത്. എന്തോ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് ഇത് ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് കരുതുന്നത്.
=അടുത്തിടെ മുട്ടുകണ്ടം തുറയിൽ നൗഷാദിന്റെ വീട്ടിൽനിന്നും 11 ലക്ഷത്തിന്റെ സ്വർണവും വജ്രവുമാണ് മോഷ്ടിച്ചത്.
=കഴിഞ്ഞ ആഴ്ചയിൽ തൊമ്മൻകുത്തിൽ ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണ കൊലുസ് കവർന്നതാണ് ഒടുവിലത്തെ മോഷണം.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷണ ശ്രമം നടക്കുന്നതിനാൽ ജനം ഭീതിയിലാണ്. പ്രതിയെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ലാത്തതിനാൽ നാട്ടുകാർക്കിടയിലും വ്യാപക പ്രതിഷേധമാണ്. ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പൊലീസിനെ പരിഹസിച്ച് ഫ്ളക്സുകൾ സ്ഥാപിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
പയറ്റി തെളിഞ്ഞ
മോഷ്ടാക്കളോ...
നിരന്തരം അരിച്ച് പെറുക്കി അന്വേഷണം നടത്തുന്നതിനിടയിലും മോഷണവും മോഷണ ശ്രമങ്ങളും തുടരുന്നത് പൊലീസിനെ കുഴയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നയാളുടെ സ്ഥാപനത്തിലെ വസ്ത്രം മോഷ്ടാവ് അടിച്ച് മാറ്റി സമീപ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾക്ക് പുറമേ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും അടക്കം പരിശോധിച്ചിട്ടും മോഷ്ടാവിനെക്കുറിച്ച് നാളിതുവരെയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
'ആഴ്ചകളായി ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യമാണ് വേണ്ടത്. ലോക്കൽ പൊലീസ് കാര്യമായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പിയെ സമീപിച്ചത്::-
പി.എഫ് അനിൽ
(റെസിഡൻസ് അസോസിയേഷൻ
പ്രസിഡന്റ്)
' മോഷണം തടയാൻ പൊലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെക്കുറിച്ച് അറിയില്ല ''- ബിജു ജോൺ ലൂക്കോസ് (കാളിയാർ എസ്.എച്ച്.ഒ)