water

 മുട്ടം,കരിങ്കുന്നം,കുടയത്തൂർ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തും


തൊടുപുഴ: മുട്ടം, കരിങ്കുന്നം, കുടയത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമഗ്രമായ ശുദ്ധജല വിതരണം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. മലങ്കര ജലാശയത്തിൽ സ്ഥാപിച്ചിരിക്കുന്ന ആറ് മീറ്റർ വ്യാസമുള്ള കിണറിൽ നിന്നും ജലം ശേഖരിച്ച്‌പെരുമറ്റത്ത് എം.വി.ഐ.പിയുടെ (മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് )ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം വിതരണം ചെയ്യും. മൂലമറ്റം വൈദ്യുതി ഉൽപാദന നിലയത്തിൽനിന്ന് ഉൽപാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറം തള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എടുക്കുന്നത്. മാത്തപ്പാറയിലെ നിലവിലുള്ള പമ്പ്ഹൗസ് നിലനിർത്തി പുതിയമോട്ടോറുകൾ സ്ഥാപിച്ച്പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിവുള്ള ശുദ്ധീകരണശാലയിലേക്ക് ജലം എത്തിക്കും. ജലശുദ്ധീകരണശാലയുടെ വിവിധ ഘടകങ്ങളായ എയറേറ്റർ, റോ വാട്ടർ ചാനൽ, ഫ്ലാഷ് മിക്സർ, ക്ലാരിഫ്‌ലോക്കുലേറ്റർ, ഫിൽട്ടർ ഹൗസ്, ക്ലിയർ വാട്ടർ ചാനൽ, ക്ലിയർ വാട്ടർ സമ്പ്, ക്ലിയർ വാട്ടർ പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. അവശേഷിക്കുന്ന ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവർത്തികൾ പുരോഗമിക്കുന്നു. ജല ശുദ്ധീകരണ ശാലയുടെ 93 മീറ്റർ നീളമുള്ള സംരക്ഷണ ഭിത്തിയുടെനിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.

=നബാർഡിൽ നിന്നും ലഭിച്ച 18.67 കോടി രൂപ വിനിയോഗിച്ചാണ്നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്

പദ്ധതി ജൽ ജീവൻ

മിഷൻ വഴി

ഗാർഹികകുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിനു വേണ്ടി ജൽ ജീവൻ മിഷൻ വഴി മുട്ടം, കരിംകുന്നം പഞ്ചായത്തിന്85.62 കോടി രൂപയും കുടയത്തൂർ പഞ്ചായത്തിന് 39.56 കോടിയും ചെലവഴിച്ചാണ് സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നത്. മുട്ടം പഞ്ചായത്തിൽ പുതിയ 1297 ഗാർഹിക കുടിവെള്ള കണക്ഷനുകളും കരിങ്കുന്നം പഞ്ചായത്തിൽ 2450 കണക്ഷനുകളും കുടയത്തൂർ പഞ്ചായത്തിൽ 3013 കണക്ഷനുകളുമാണ് നിലവിൽ വരുന്നത്. പൂർത്തീകരിക്കുന്ന ജല ശുദ്ധീകരണശാലയിൽ നിന്നും വെള്ളം പമ്പ് ചെയ്യ്ത് മുട്ടം പഞ്ചായത്തിലെ നിലവിലുളളതും പുതിയതായി സ്ഥാപിക്കുന്നതുമായ എട്ട് ജലസംഭരണികളിലും കരിങ്കുന്നം പഞ്ചായത്തിലെ നിലവിലുള്ളതും പുതിയതായി സ്ഥാപിക്കുന്നതുമായ ഏഴ് ജലസംഭരണികളിലും കുടയത്തൂർ പഞ്ചായത്തിലെ ഏഴ് ടാങ്കുകൾ വഴിയും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടയത്തൂർ ബ്ലൈൻഡ് സ്‌കൂളിന് സമീപമുള്ള 2.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ പ്രവർത്തി അന്തിമഘട്ടത്തിലാണ്.