veedu

കട്ടപ്പന: പുളിയൻമല ശിവലിംഗ പളിയകുടിയിൽ മഴ കാലത്ത് വീടുകൾ ചോർന്നൊലിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച തുകയും സ്വന്തമായി സ്വരുക്കൂട്ടിയെ തുകയും ഉപയോഗിച്ചാണ് ഇവിടുത്തെ ജനങ്ങൾ വീട് നിർമിച്ചത്. എന്നാൽ മഴ കാലത്ത് വലിയ തോതിൽ വീടുകളുടെ വാർക്ക ചോർന്നൊലിക്കുന്ന സാഹചര്യമാണ്. വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോഉപകരണങ്ങളും നനഞ്ഞു പോകുകയാണ്. ഏകദേശം അമ്പതിനു മുകളിൽ കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കൂലിപ്പണിക്കും മറ്റും പോയാണ് ഉപജീവനം നടത്തുന്നത്. പണത്തിന്റെ അപര്യാപ്തതമൂലം ഫലപ്രദമായ രീതിയിൽ വീട് നിർമാണം സാധിക്കാത്തതാണ് ചോർച്ചക്ക് കാരണമെന്ന് ഇവർ പറഞ്ഞു. വിഷയം നിരവധി തവണ ട്രൈബൽ ഡിപ്പാർട്ട്‌മെന്റിലും ഊരു കൂട്ടത്തിലും അറിയിച്ചതാണ്. മേൽക്കൂര നിർമിക്കാനുള്ള തുക ഡിപ്പാർട്ട്‌മെന്റിൽ ഇല്ലെന്നും ഇത്തരത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയമം ഇല്ലെന്നുമാണ് മറുപടി ലഭിച്ചത്. അധികൃതർ ഇടപെട്ട് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.