തൊടുപുഴ: ആദിവാസികൾ ശേഖരിച്ചു നൽകുന്ന വനവിഭവങ്ങൾ ഉൾപ്പെടെ വിൽക്കുന്ന സംസ്ഥാനത്തെ ഇക്കോ ഷോപ്പുകൾ ഹിറ്റ്. ഇതിലൂടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദിവാസികൾക്ക് ലഭിച്ചത് 33 കോടിയുടെ വരുമാനം. രണ്ട് മൊബൈൽ യൂണിറ്റ് ഉൾപ്പെടെ 74 ഇക്കോ ഷോപ്പുകൾ വഴി 31.50 കോടി. ഓൺലൈൻ വില്പനയിലൂടെ 1.50 കോടി. 50,000 ആദിവാസി കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ 2010ൽ ആരംഭിച്ച വനശ്രീ പദ്ധതിയുടെ ഭാഗമാണ് ഇക്കോ ഷോപ്പുകൾ. ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ ഷോപ്പുകളിൽ ഏൽപ്പിക്കുമ്പോൾ തന്നെ പണം നൽകും. ഓണമുൾപ്പെടെയുള്ള ആഘോഷകാലത്ത് ലാഭവിഹിതം ബോണസായും നൽകും. ഷോപ്പുകളുടെ നടത്തിപ്പിൽ പങ്കാളികളാകുന്ന ആദിവാസികൾക്ക് അധിക വരുമാനവും ഉറപ്പാക്കും.
വനവിഭവങ്ങൾ ശേഖരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്. 18,750 ആദിവാസികളാണ് നിലവിൽ ഇതിന്റെ ഗുണഭോക്താക്കൾ. ശേഷിക്കുന്നവരെക്കൂടി അംഗങ്ങളാക്കും.
കേരളത്തിന് പുറത്തും ഡിമാൻഡ്
രാജ്യത്തെവിടെ നിന്നും വനവിഭവങ്ങൾ www.vanasree.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വാങ്ങാം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, ഗുജറാത്ത് എന്നിവിടങ്ങളിൽ വൻ ഡിമാൻഡാണ്. ചാലക്കുടി, മറയൂർ എന്നിവിടങ്ങളിൽ നിന്നുള്ള വനവിഭവങ്ങളാണ് പ്രധാനമായും ഓൺലൈൻ വഴി ലഭ്യമാക്കുന്നത്.
തേൻ മുതൽ കുന്തിരിക്കം വരെ
വൻതേൻ, കുറുന്തേൻ, ചെറുതേൻ, കസ്തൂരി മഞ്ഞൾ, കുന്തിരിക്കം, ഇഞ്ച, യൂക്കാലി തൈലം, പുൽതൈലം, പതിമുഖം, കരിങ്ങാലി, പെയിൻ ബാം, ലിപ് ബാം, ഔഷധ സോപ്പ്, ദന്തപ്പാല എണ്ണ, തേൻ നെല്ലിക്ക, വേപ്പ് സോപ്പ്, ചന്ദന സോപ്പ്, രക്ത ചന്ദനസോപ്പ് തുടങ്ങിയവ ഇക്കോ ഷോപ്പുകളിൽ ലഭ്യമാണ്.
''വനശ്രീ ഉത്പന്നങ്ങളിൽ മായമില്ല. ആദിവാസി സമൂഹത്തിന് ഉപജീവനമാർഗം നൽകുകയെന്നതാണ് പ്രധാന ലക്ഷ്യം
-ഡോ.ജെ. ജസ്റ്റിൻ മോഹൻ, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, വനംവകുപ്പ്