പത്താംക്ലാസ് വിദ്യാർത്ഥികളെ റോബോട്ടിക്സ് പരിശീലിപ്പിക്കുന്നു
തൊടുപുഴ: ക്ലാസ് മുറികളിലേക്ക് വരുന്നവരുടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ ഇനി നമ്മുടെ നാട്ടിൻപുറങ്ങളിലെ സ്‌കൂളുകളിൽ കണ്ടാൽ അദ്ഭുതപ്പെടേണ്ട. പത്താം ക്ലാസിലെ കുട്ടികളുടെ പണിയാകുമത്. ഈ വർഷം മുതൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തും. ഇതിന്റെ ഭാഗമായി കൈയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ തയ്യാറാക്കുക, എ.ഐ ഉപയോഗിച്ച് മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ ഉണ്ടാക്കുക എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യണം. ലിറ്റിൽ കൈറ്റ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഈ വർഷം മുതൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ ഭാഗമായതിനാലാണ് ഇപ്പോൾ എല്ലാ സ്‌കൂളുകളിലെയും 10-ാം ക്ലാസിൽ റോബോട്ടിക്സ് പഠനം നടക്കുന്നത്. ക്ലബ് ഇല്ലാത്തയിടങ്ങളിൽ ആദ്യമായാണ് പദ്ധതി നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 286 അദ്ധ്യാപകർക്ക് പരിശീലനം നൽകി. 155 സ്‌കൂളുകളിലേക്കായി 1146 റോബോട്ടിക് കിറ്റുകളും വിതരണം ചെയ്തു.
=പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെട്ട 'റോബോട്ടുകളുടെ ലോകം" എന്ന ഐ.സി.ടി പാഠപുസ്തകത്തിലെ ആറാം അദ്ധ്യായത്തെ ആസ്പദമാക്കിയാണ് പഠനം. രണ്ട് ഘട്ടങ്ങളായാണ് സിലബസ് പഠിപ്പിക്കുന്നത്. ആദ്യ ഘട്ട പരിശീലനമാണ് പൂർത്തീകരിച്ചത്. രണ്ടാം ഘട്ടം ഓണത്തിന് ശേഷമുണ്ടാകും.
=എ.ഐ, റോബോട്ടിക്സ്, ഐ.ഒ.ടി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സ്‌കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകൾ സംഘടിപ്പിക്കുന്ന കാര്യവും കൈറ്റിന്റെ പരിഗണനയിലാണ്.
കൈറ്റ് റോബോട്ടിക് കിറ്റുകൾ
പരിശീലനത്തിനായി നൽകുന്ന ഓപ്പൺ ഹാർഡ്‌വെയർ അധിഷ്ഠിത റോബോട്ടിക് കിറ്റുകളിൽ എൽ.ഇ.ഡികൾ, മിനി സർവോ മോട്ടോർ, എൽ.ഡി.ആർ, ലൈറ്റ്, ഐ.ആർ സെൻസർ മൊഡ്യൂളുകൾ, ബസർ മൊഡ്യൂൾ, പുഷ് ബട്ടൺ സ്വിച്ച്, റെസിസ്റ്ററുകൾ, യു.എസ്.ബി ഡാറ്റ കേബിളുകൾ, ജംബർ വയറുകൾ, ചെറിയ സർവീസ് മോട്ടർ, പാക്കിംഗ് ബോക്സ് എന്നിവയടക്കം 17 ഐറ്റങ്ങളുണ്ട്. ഒരു കിറ്റിന് ജി.എസ്.ടി ഉൾപ്പെടെ 767 രൂപയാണ്. മുഴുവൻ കിറ്റുകളും സൗജന്യമായാണ് കൈറ്റ് വിതരണം ചെയ്തത്. അധികമായി കിറ്റ് ആവശ്യമുള്ള സ്‌കൂളുകൾക്ക് കൈറ്റ് കരാർ നൽകിയ സ്ഥാപനങ്ങളിൽ നിന്ന് ഈ വിലയ്ക്ക് വാങ്ങാം.