udumbanoor
കേരളപഠനം 2.0 പഠന റിപ്പോർട്ട് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി കെ. ശശിലേഖയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു

ഉടുമ്പന്നൂർ: പഞ്ചായത്തിൽ ഒരു പൊതുമൈതാനം യാഥാർത്ഥ്യമാകുവാൻ നാടാകെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജനകീയ വികസന ശിൽപശാല. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനകീയ ശിൽപ്പശാലയിലാണ് ആവശ്യമുയർന്നത്. 200 മീറ്റർ ട്രാക്കും വോളിബോൾ ഫുട്‌ബോൾ കോർട്ടും ഒരു മിനി ജിംനേഷ്യവും അടക്കം പൊതു മൈതാനം നിർമ്മിക്കുന്നതിനായി 2 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി പൂർത്തീകരിച്ചിരുന്നു. ഭാവി ഉടുമ്പന്നൂരിന്റെ വികസനം ലക്ഷ്യം വെച്ച് ഉള്ള ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന വികസന ശിൽപ്പശാലയിൽ 10 വിഷയങ്ങളിലായി 5 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ് നടന്നത്. ഉടുമ്പന്നൂരിനെ കാൻസർ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള കർമ്മപരിപാടി ശിൽപശാല മുന്നോട്ട് വച്ചു. ഇതിന്റെ ഭാഗമായി പ്രാഥമികമായി നാടിന്റെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള പ്രവർത്തന പരിപാടി തയ്യാറാക്കും. പാൽ മുട്ട മത്സ്യ മാംസാദികളുടേയും പച്ചക്കറികളുടേയും ഉപോഭാഗം കണക്കാക്കി ഉത്പാദന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആരോഗ്യവകുപ്പുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുംകേരളത്തിന്റെ ഭാവി വികസനം മുൻനിർത്തി കേരള ശാസ്ത സാഹിത്യ പരിഷത്ത് നടത്തിയ പഠന ഗവേഷണ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ കേരളപഠനം 2.0 പഠന റിപ്പോർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു. ശിൽപ്പശാല പരിഷത്ത് സംസ്ഥാന വികസന വിഷയ സമിതി കൺവീനർ പി.എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.വി ജോയി ജനകീയ മാനിഫെസ്റ്റോ മാർഗരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ , വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം വി.വി ഷാജി, ജില്ലാ പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണൻ, സെക്രട്ടറി കെ. ശശിലേഖ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെ.എസ് ഷമീന സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം സുബൈർ നന്ദിയും പറഞ്ഞു.