ചെറുതോണി: ചെറുതോണി ടൗൺ ഹാളിന് സമീപം മിനി സിവിൽ സ്റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിന് 10 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് പലയിടത്തായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ ഒരു കുടകീഴിലേക്ക് മാറ്റുന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. ഇതിനായി മൂന്ന് ഏക്കർ സ്ഥലം കൈമാറിയിരുന്നു. കെട്ടിട നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സാങ്കേതിക അനുമതി കൂടി ലഭ്യമാക്കുന്നതോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. 4460 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷനു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് ബ്ലോക്കുകളായാണ് നിർമ്മാണം പൂർത്തിയാക്കുക. ഇതിൽ ആദ്യത്തെ ബ്ലോക്കാണ് ഇപ്പോൾ നിർമ്മിക്കുക. 1600 ചതുരശ്ര മീറ്റർ വിസ്തീർണമാണ് നാല് നിലകളിൽ ആയി വിഭാവനം ചെയ്തിരിക്കുന്ന ഈ ബ്ലോക്കിനുള്ളത്. നിലവിൽ നിർമ്മിക്കുന്ന ബ്ലോക്കിന്റെ താഴത്തെ നിലയിൽ കാന്റീൻ, ഇലക്ട്രിക്കൽ റൂം, റെക്കോർഡ്സ് റൂം, സ്റ്റാഫ് ഡൈനിങ്ങ്, കിച്ചൻ എന്നിവയും ഒന്ന് രണ്ട് നിലകളിൽ താലൂക്ക് ഓഫീസും മൂന്നാം നിലയിൽ മെഷീൻ റൂം, ലോബി, സ്റ്റോർ, സ്റ്റെയർ റൂം എന്നിവയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണം നടത്തേണ്ട മറ്റ് രണ്ട് ബ്ലോക്കുകൾ യഥാക്രമം 1590 ചതുരശ്ര മീറ്ററും 1290 ചതുരശ്ര മീറ്ററും വിസ്തീർണം ഉള്ളവയാണ്.