കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. പള്ളിക്കവല അംഗൻവാടിയിൽ നടന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. പത്തോളം ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ നൽകിയത്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ വീൽ ചെയറുകൾ, എയർ ബെഡ്, സ്റ്റാറ്റിക് സൈക്കിൾ, കറക്ഷൻ ഷൂസ്, തെറാപ്പി മാറ്റ് തുടങ്ങിയ വിവിധതരം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുക്കുട്ടൻ, രമ മനോഹരൻ, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ ലത, അനീഷ് എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്‌നേഹ സേവിയർ പദ്ധതിയുടെ വിശദീകരണം നടത്തി.