പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം

കട്ടപ്പന: നഗരസഭാ പരിധിയിലും പരിസര പ്രദേശങ്ങളിലും ലഹരി സംഘങ്ങളുടെ വിളയാട്ടം തുടരുകയാണ്.തുടർച്ചയായ ദിവസങ്ങളിൽ ലഹരി സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയിട്ടും പൊലീസ് നടപടികൾ നാമമാത്രമാകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചുതോവാളയിൽ ലഹരി സംഘം നടത്തിയ ആക്രമണങ്ങളിൽ സ്ത്രീ അടക്കമുള്ളവർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘം നാളുകളായി പ്രദേശത്ത് ഭീതി പരത്തി വരുന്നതായി നാട്ടുകാർ പറയുന്നു.
സമാനമായി കഴിഞ്ഞ ദിവസങ്ങളിൽ കട്ടപ്പന നഗരത്തിലും ലഹരി സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റിനുസമീപത്തും സംഗീത ജംക്ഷനിലും കഴിഞ്ഞ ദിവസം ലഹരി സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. മണിക്കൂറുകളോളം സംഘങ്ങൾ നഗരത്തിൽ അഴിഞ്ഞാടിയിട്ടും പോലീസ് നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
നഗരത്തിൽ സന്ധ്യകഴിഞ്ഞാൽ വിവിധ ഇടങ്ങളിലായി ലഹരി സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. മദ്യം തുടങ്ങി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വരെ ഉപയോഗിക്കുന്ന സംഘങ്ങൾ വരെയാണ് നഗര പ്രദേശങ്ങൽ തമ്പടിക്കുന്നത്. നഗരത്തിൽ ചിലയിടങ്ങളിൽ തെരുവു വിളക്കുകൾ ഇല്ലാത്തതും ലഹരി സംഘത്തിനു തുണയാകുന്നുണ്ട്. പോലീസ് പട്രോളിങ് സജീവമാകാത്തതാണ് ഇത്തരം സംഘങ്ങൾക്ക് തുണയാകുന്നത്.

രാസ ലഹരി ക്കടത്ത്:

മൂന്നംഗ സംഘത്തെ പിടികൂടി


കട്ടപ്പന: രാസ ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ കട്ടപ്പന പൊലീസ് ബംഗളൂരുവിൽ നിന്നും പിടികൂടി. കഴിഞ്ഞ മാസം നഗരത്തിൽ എം.ഡി.എം.എയുമായി ഒരാൾ പിടിയിലായതുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് അറസ്റ്റ്. കണ്ണൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്‌കർ(30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ്. ഹൊസമാനി(52) എന്നിവരാണ് അറസ്റ്റിലായത്. ജൂലായ് 15ന് ബംഗളുരുവിൽ നിന്ന് വിൽപ്പനയ്ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എം.ഡി.എം.എയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ് അരുൺ ഭാസ്‌കർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൂവരും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എം ഡി എം എ ഇവർക്ക് എത്തിച്ചു നൽകിയ സുഹൈൽ എന്നയാൾ കഴിഞ്ഞദിവസം എംഡിയുമായി ഡൽഹി പോലീസിന്റെ പിടിയിലായിട്ടുണ്ട്.