തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ജോലിക്കിടയിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് ലീ​ഗ് നേതാവിനെതിരെ കേസ്. ജില്ലാ ജനറൽ സെക്രട്ടറി പി.എന്‍ നിസാമുദ്ദീനെതിരെയാണ് തൊടുപുഴ പൊലീസ് തിങ്കളാഴ്ച കേസെടുത്തത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ചികിത്സയ്‍ക്കെത്തിയ നിസാമുദ്ദീന് മരുന്ന് പുറത്തേക്കെഴുതി. ഇതോടെ ആശുപത്രിയിൽ ഇല്ലാത്ത മരുന്ന് വാങ്ങാൻ പുറത്തേക്ക് എഴുതിയെന്ന് ആരോപിച്ച് ഇയാൾ ബഹളം വയ്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. സൂപ്രണ്ടാണ് പൊലീസിന് പരാതി കൈമാറിയത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.