 പ്രത്യേക ഓണക്കിറ്റുകളും സമ്മാന കൂപ്പണുകളും

തൊടുപുഴ: ഓണവിപണി പിടിക്കാൻ പ്രത്യേക ഓണക്കിറ്റുകളും സമ്മാന കൂപ്പണുകളുമായി സപ്ലൈകോ ഒരുങ്ങുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് സമ്മാനക്കൂപ്പൺ പുറത്തിറക്കിയിരിക്കുന്നത്. മുൻകൂർ പണമടച്ച് 500, 1000 രൂപ വിലയുള്ള കൂപ്പൺ ആർക്കും വാങ്ങി മറ്റുള്ളവർക്ക് സമ്മാനമായി നൽകാം. ഈ കൂപ്പണുകളുമായി എത്തുന്നവർക്ക് അതേ മൂല്യമുള്ള സാധനങ്ങൾ വാങ്ങാം. ജില്ലയിലെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഈ പ്രത്യേക ആനുകൂല്യം ലഭ്യമാണ്. ഓണസമ്മാനം കിറ്റുകളായി നൽകാവുന്ന സപ്ലൈകോ പദ്ധതി ജില്ലയിൽ ആദ്യമായാണ്. സമ്മാന കൂപ്പണുകൾക്ക് പുറമേ ആകർഷകമായ വിലക്കുറവിൽ ഓണ കിറ്റുകളുടെ വിൽപ്പനയും പുരോഗമിക്കുന്നുണ്ട്. മൂന്ന് തരം കിറ്റുകളാണ് വിപണിയിലുള്ളത്. ശബരി പായസക്കൂട്ടടക്കം 1225 രൂപ മൂല്യമുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ് ആയിരം രൂപയ്ക്ക്, ഒമ്പത് ഇനങ്ങൾ അടങ്ങിയ 625 രൂപ മൂല്യമുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 500 രൂപയ്ക്ക്, 10 ഇനങ്ങൾ അടങ്ങിയ 305 രൂപ മൂല്യമുള്ള മിനി സമൃദ്ധികിറ്റ് 229 രൂപയ്ക്ക് എന്നിങ്ങനെയാണ് നൽകുന്നത്. ആവശ്യമുള്ളവർക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി പണമടച്ച് ബുക്ക് ചെയ്യാം. ഇതുവരെ എട്ട് ലക്ഷത്തിലധികം രൂപയുടെ കാർഡുകളും കിറ്റുകളുമാണ് മുൻകൂറായി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ എണ്ണൂറിലധികം കിറ്റുകളും 200ലധികം സമ്മാന കൂപ്പണുകളുമുണ്ട്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ബുക്കിംഗ് 15ന് പൂർത്തിയാക്കും. ഈ മാസം അവസാനം സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. അന്വേഷണങ്ങൾക്ക് 9400330135 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

'ഓണത്തിന് ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ നൽകുകയും സപ്ലൈകോയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുകയുമാണ് ലക്ഷ്യം "

-അസി. സെയിൽസ് മാനേജർ സപ്ലൈകോ

സബ്സിഡി സാധനങ്ങളുണ്ടാകും

മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളടക്കം ഭൂരിപക്ഷം ഉത്പന്നങ്ങളും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വെളിച്ചെണ്ണ, പച്ചരി, മല്ലി എന്നിവ മാത്രമാണ് സ്റ്റോക്ക് തീർന്നിരിക്കുകയാണ്. ഇത് ഉടൻ ഔട്ട്‌ലെറ്റുകളിൽ എത്തിക്കും. ഇതിനൊപ്പം സർക്കാർ സബ്സിഡി നിരക്കിൽ നൽകുമെന്ന് അറിയിച്ച അരകിലോയുടെ കേരജം വെളിച്ചെണ്ണയും എത്തിക്കും.