കട്ടപ്പന: കാഞ്ചിയാർപെരിയോൻ കവല - കോടാലിപാറ റോഡിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിലൂടെ കാൽ നടയാത്രക്കാരും വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടിയാണ് കടന്ന് പോകുന്നത്. ഗവ. ബോയ്സ് ഹോസ്റ്റൽ, ലേഡീസ് ഹോസ്റ്റൽ, സ്‌കൂൾ തുടങ്ങിയവയെല്ലാം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പെരിയോൻകവല മുതൽ കോടാലിപ്പാറ വരെ റോഡിന്റെ പകുതിയിലധികം ഭാഗവും തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റി റോഡിന് നടുവിലൂടെ കുഴിയെടുത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാളുകൾക്ക് മുമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇത് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. റോഡ് നന്നാക്കാൻ ജനപ്രതിനിധികൾ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. മഴക്കാലമായതോടെ ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടിനിൽക്കുന്നത് വെള്ളക്കെട്ടിനും കാരണമാണ്.