കട്ടപ്പന: ഉപ്പുതറയിലെ പുതിയ ബസ് സ്റ്റാൻഡ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. സ്റ്റാൻഡ് നിർമിക്കുന്നതിനായി മേച്ചേരി കടയിൽ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. സ്റ്റാൻഡില്ലാത്തതിനാൽ ടൗണിലാണ് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ ബസ് സ്റ്റാൻഡ് പദ്ധതിയോട് അവഗണന കാണിക്കുകയാണെന്ന് ബി.ജെ.പി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ രാജപ്പൻ ആരോപിച്ചു. ഉപ്പുതറ ടൗണിന്റെ വികസനത്തിന് പ്രയോജനപ്രദമാകുന്ന രീതിയിൽ ബസ് സ്റ്റാൻഡ് നവീകരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുറന്നുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.