ഇടുക്കി: മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങളിൽ സ്‌കൂൾ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി. ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ പുനരുപയോഗ ശീലം വളർത്തുക വഴി മാലിന്യത്തിന്റെ തോത് കുറക്കുക, പരിമിതമായ വിഭവങ്ങളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ ക്യാമ്പയിനിൽ പങ്കെടുത്ത കുട്ടികൾക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകി സംസാരിക്കുകയായിരുന്നു കളക്ടർ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന, മൂല്യബോധമുള്ള തലമുറയാണ് വളർന്ന് വരേണ്ടത്. അവർക്ക് പരമാവധി പ്രോത്സാഹനം നൽകുകയാണ് മുതിർന്നവരുടെ കടമായെന്നും കളക്ടർ പറഞ്ഞു.

ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയിൻ സംഘടിപ്പിച്ചത്. വാഴത്തോപ്പ് സ്‌കൂളിൽ നിന്നും ഗ്രീൻ ചാംപ് സർട്ടിഫിക്കേഷന് അർഹത നേടിയ 160 ഓളം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മൂന്നിലധികം വസ്തുക്കൾ പുനരുപയോഗിച്ച് മികച്ച മാതൃകയായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സമ്മാനമായി ക്യാമ്പയിൻ ലോഗോയും ശുചിത്വ സന്ദേശങ്ങളും ആലേഖനം ചെയ്ത സ്റ്റീൽ വാട്ടർ ബോട്ടിലുകളും വിതരണം ചെയ്തു . ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ , സ്‌കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, എച്ച്.എം അർച്ചന സ്റ്റാൻലി, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അനുമോൾ തങ്കച്ചൻ, ടെക്നിക്കൽ കൺസൾട്ടന്റ് അമൽ മാത്യു ജോസ്, റിസോഴ്സ് പേഴ്സൺമാരായ ബാബു സെബാസ്റ്റ്യൻ, ശരത് പി.എസ് എന്നിവർ പങ്കെടുത്തു .