pettimudi

മൂന്നാർ: അഞ്ചാം വർഷവും അവരെത്തി, തങ്ങളുടെ ഉറ്റവർ ഉറങ്ങുന്ന മണ്ണിൽ. മരണം ഇരുളിൽ ഉരുളായി പെയ്തിറങ്ങിയ രാത്രി ഇന്നും പലർക്കും ഞെട്ടിക്കുന്ന ഓർമ്മകളാണ്. ഇത്തവണയും രാവിലെ സർവമത പ്രാർത്ഥന ചടങ്ങുകളോടെയാണ് അനുസ്മരണ ദിനം ആരംഭിച്ചത്. മൃതദേഹങ്ങൾ സംസ്‌കരിച്ചിടത്താണ് പ്രാർത്ഥന നടന്നത്. ഉറ്റവരുടെ നിത്യ ശാന്തിക്കായ് പ്രാർത്ഥിക്കാൻ മുറിവുണങ്ങാത്ത മനസുമായി നിരവധി ബന്ധുക്കളും കല്ലറകളിൽ എത്തിയിരുന്നു. വിവിധ മതവിഭാഗങ്ങളിലെ മത പുരോഹിതന്മാർ പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കമ്പനി മാനേജിംഗ് ഡയറക്ടർ കെ. മാത്യു എബ്രഹാം, മോഹൻ സി. വർഗ്ഗീസ്, ബി.പി കരീപ്പ, വൈസ് പ്രസിഡന്റ് ഗിൽ എന്നിവർ സ്മൃതിമണ്ഡപങ്ങളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.