മൂന്നാർ/ മറയൂർ: കാന്തല്ലൂരും സിങ്കുകണ്ടത്തും ജനവാസമേഖലയിലിറങ്ങി കാട്ടാനകൾ നടത്തിയ അതിക്രമത്തിൽ ഭയന്ന് പ്രദേശവാസികൾ. സിങ്കുകണ്ടത്ത് ചക്കക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന ഒരു വീട് തകർത്തു. മുതുപ്ലാക്കൽ മറിയകുട്ടിയുടെ വീടാണ് തകർത്തത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു ആക്രമണം. മറിയകുട്ടി ചികിത്സയുടെ ഭാഗമായി സ്ഥലത്തില്ലാതിരുന്ന സമയത്താണ് ആന വീട് ആക്രമിച്ചത്. സമീപവാസി വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആന വരുന്നതറിഞ്ഞു ഇറങ്ങി ഓടി രക്ഷപെട്ടു. വീടും വീട്ടുപകരണങ്ങളും പൂർണമായും തകർത്തു.
പട്ടാപകൽ മൂന്നു കൊമ്പൻമാരടങ്ങിയ കാട്ടാനക്കൂട്ടം കാന്തല്ലൂർ ടൗണിൽ അങ്കണവാടിയ്ക്ക് സമീപമെത്തിയത് ഭീതി പടർത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയ്ക്ക് കാന്തല്ലൂർ സിവിൽ സപ്ലൈസ് ഓഫീസിന് പിന്നിലെത്തിയ ആനക്കൂട്ടത്തെ കണ്ട നാട്ടുകാർ തൊട്ടു താഴെ പ്രവർത്തിക്കുന്ന കാന്തല്ലൂർ ടൗണിൽ പ്രവർത്തിക്കുന്ന അങ്കണവാടി കുട്ടികളെ സുരക്ഷിതരാക്കി മുറിയടച്ചു. തുടർന്ന് നാട്ടുകാർ ശബ്ദം ഉണ്ടാക്കി കാട്ടാനകളെ തുരത്തി. വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നിന് കാന്തല്ലൂർ വി.എഫ്.പി.സി.കെ ലേല വിപണിയുടെ മതിലും ഒറ്റയാൻ തകർത്തു. കാന്തല്ലൂരിൽ നിന്ന് പുത്തൂരിലേക്ക് പോകും വഴി കനകരാജിന്റെ വീട്ടിൽ എത്തിയ ഒറ്റയാൻ വാഴയൊടിച്ച് തിന്നുന്ന ശബ്ദം കേട്ട് സമീപവാസികൾ ഇറങ്ങി ഓടിക്കാൻ ശ്രമിക്കവെയാണ് ലേല വിപണിയുടെ മതിൽ തകർത്തത്. ബന്ധുവീട്ടിലെത്തിയ പെരടി പള്ളം സ്വദേശിനി എസ്തറിന്റെ കാർ തകർക്കാനുള്ള ശ്രമം ഒറ്റയാൻ നടത്തിയെങ്കിലും സമീപവാസികൾ ഒറ്റയാനെ വിരട്ടിയോടിച്ചു. കാറിന്റെ വാതിലുകൾ ആന തകർന്നു.
കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ മറയൂർ പെട്രോൾ പമ്പ് ജംഗ്ഷനോട് ചേർന്ന് ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ബാബു നഗർ ഗ്രാമത്തിൽ ജീപ്പ് തകർത്തിരുന്നു. രാത്രി മുഴുവൻ ഗ്രാമത്തിന് സമീപം കാട്ടാന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി. ഗ്രാമത്തിനുള്ളിൽ നിന്ന് കാട്ടാനയെ മറയൂരിലെ ആർ.ആർ.ടി ടീമും വനംവകുപ്പ് ജീവനക്കാരും ചേർന്നാണ് പുറത്തേക്ക് തുരത്തിയത്.
നാട്ടുകാരിൽ ഭീതി,
പ്രതിഷേധം
പകൽ സമയത്ത് പോലും കാട്ടാനക്കൂട്ടം കാന്തല്ലൂർ ടൗണിൽ ഇറങ്ങിയത് നാട്ടുകാരിൽ അതീവ ഭയവും ശക്തമായ പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായാണ് പ്രദേശത്ത് രാത്രികാലങ്ങളിൽ കാട്ടാന എത്തി ഭീതി പരത്തുന്നത്. ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നുമാണ് ചക്കകൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നത്. കാട്ടാന ശല്യം നിയന്ത്രിക്കാൻ മുമ്പ് പ്രതിരോധ മാർഗ്ഗമൊരുക്കുന്ന ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ചതാണ് വീണ്ടും മറയൂർ ടൗണിന് സമീപം കാട്ടാനകൾ എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആനക്കാവലിന് ആവശ്യമായ വാച്ചർമാരെ നിയമിക്കുകയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വേണമെന്ന് പഞ്ചായത്തംഗം മണികണ്ഠൻ ആവശ്യപ്പെട്ടു.