തൊടുപുഴ: സി.പി.ഐ ജില്ലാ സമ്മേളനം അവസാനിച്ചിട്ടും ആലക്കോട് പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത രൂക്ഷമായി തുടരുന്നു. നേതൃത്വത്തോടുള്ള പ്രതിഷേധസൂചകമായി ആലക്കോട് ലോക്കൽ കമ്മിറ്റിയിലെ നൂറോളം അംഗങ്ങൾ മെമ്പർഷിപ്പ് പുതുക്കിയില്ല. ആകെ 113 അംഗങ്ങളാണ് ലോക്കൽ കമ്മിറ്റിയിലുള്ളത്. മൂലമറ്റം
മണ്ഡലം കമ്മിറ്റിയംഗങ്ങളായ ബാബു ജോസഫ്, ടി.കെ. തങ്കപ്പൻ, മുൻ മണ്ഡലം കമ്മിറ്റിയംഗം പി.ജി. വിജയൻ എന്നിവരടക്കമാണ് അംഗത്വം പുതുക്കാൻ തയ്യാറാകാത്തത്. ഇതിൽ ടി.കെ. തങ്കപ്പൻ ആലക്കോട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി കൂടിയാണ്. ജില്ലാ നേതൃത്വത്തിന് അനഭിമതരായ ഒരു വിഭാഗത്തിനെ വെട്ടിനിരത്തുന്ന സമീപനമാണ് പാർട്ടിയിൽ തുടരുന്നതെന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ മൂലമറ്റം മണ്ഡലം സമ്മേളനത്തിൽ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏകപക്ഷീയമായി ഒരു വിഭാഗത്തിനെതിരെ നടപടിയെടുത്തതിൽ ഇവർക്ക് അമർഷമുണ്ട്. നേരത്തെ ആലക്കോട് സഖാക്കളെന്ന പേരിൽ ആലക്കോട് ഇവർ ബദൽ വഴിത്തല അനുസ്മരണം നടത്തിയിരുന്നു. പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗങ്ങളടക്കം നിരവധി പേർ പങ്കെടുത്തിരുന്നെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നേതൃത്വം ഇടപെടുകയും ജില്ലാ സമ്മേളനത്തിന് ശേഷം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുണ്ടായില്ല. തുടർന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ഇവർ തീരുമാനിച്ചത്. ജൂലായ് 30നായിരുന്നു അംഗത്വം പുതുക്കാനുള്ള അവസാന തീയതി. സി.പി.ഐയുടെ കീഴ്‌വഴക്കമനുസരിച്ച് ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും ചേർന്ന് ഈ മിനിട്സിന്റെ അടിസ്ഥാനത്തിൽ 220 രൂപ അംഗത്വ ഫീ അടച്ചു വേണം മെമ്പർഷിപ്പ് പുതുക്കാൻ. എന്നാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കമ്മിറ്റി ചേരാതെ പഴയ രജിസ്ട്രർ വച്ച് അംഗത്വം പുതുക്കുകയാണെന്നും ആക്ഷേപമുണ്ട്.