തൊടുപുഴ: മാങ്ങാട്ട്കവല ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ കോതായിക്കുന്ന് ബസ് സ്റ്റാൻഡ് മാതൃകയിൽ യാത്രകാർക്ക് കൂടുതൽ സൗകര്യപ്രദമാകും വിധം ആധുനിക രീതിയിൽ ക്രമീകരിക്കാൻ തീരുമാനിച്ചു.നഗരത്തിലെ ട്രാഫിക് സംബന്ധിച്ച വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മോർ ജംഗ്ഷൻ ഉൾപ്പടെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് യോഗത്തിൽ ചർച്ചയായി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ റവന്യു അധികൃതരോട് ആവശ്യപ്പെടാനും നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർക്കാനും തീരുമാനമായി. നഗരത്തിലെ പാർക്കിംഗ് സംബന്ധിച്ച് അഡ്വ. സാലു ലീഗൽ സർവീസ് അതോറിറ്റി മുൻപാകെ ഉന്നയിച്ച വിഷയങ്ങൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ ക്രമീകരിക്കുന്ന വിഷയവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നാലുവരി പാത ഉൾപ്പടെ ഉള്ള പ്രധാന റോഡുകളിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ ഉടൻ അടച്ച് ആവശ്യമായ പോയിന്റുകളിൽ സീബ്ര ലൈൻ വരക്കുമെന്ന് പി.ഡബ്ലൂ.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. നോ പാർക്കിംഗ് ഏരിയകളിൽ പൊതുജന താല്പര്യം മുൻനിർത്തി ബോർഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ കെ. ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവൈ.എസ്.പി പി.കെ സാബു, ട്രാഫിക് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു