അടിമാലി: അടിമാലിയിൽ നിലനിൽക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. അടിമാലി ടൗണിൽ മുദ്രപത്ര ലഭ്യത ഇല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു.നിലവിൽ മുദ്രപത്ര വിൽപ്പന നടത്തുവാൻ വേണ്ടുന്ന ലൈസൻസി അടിമാലിയിൽ ഇല്ലെന്നും ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയർത്തുന്നുവെന്നും റിയൽ എസ്‌റ്റേറ്റ് ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ജനന, മരണ സർട്ടിഫിക്കറ്റുകൾ പഞ്ചായത്തിലും വില്ലേജിലുമായി വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയൊക്ക ലഭ്യമാക്കാൻ മുദ്രപത്രം ആവശ്യമുണ്ട്. ഭവനനിർമാണ പദ്ധതികൾ, സർക്കാർ പ്രവൃത്തികൾ എടുക്കുന്നതിന് കരാർ ഉണ്ടാക്കൽ എന്നിവക്കും മുദ്രപത്രം ആവശ്യമായി വരുന്നു. സ്ഥലം ആധാരം ചെയ്യുന്നതിനും മറ്റ് കരാറുകൾ എഴുതുന്നതിനും മുദ്രപത്രത്തിന്റെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.നിലവിൽ ആളുകൾ അടിമാലിയുടെ സമീപ പട്ടണങ്ങളെയാണ് മുദ്രപത്രം വാങ്ങാൻ ആശ്രയിക്കുന്നത്. ഇത് ആളുകൾക്ക് അധിക സാമ്പത്തിക ചിലവിന് ഇടവരുത്തുന്നു. കൃത്യ സമയത്ത് മുദ്രപത്രം ലഭ്യമാകുന്നതിനും ഇത് വിലങ്ങുതടിയാണ്.