മൂന്നാർ: കൊച്ചി ധനുഷ്‌ക്കോടി ദേശിയപായോരത്ത് മൂന്നാർ മേഖലയിൽ പ്രവർത്തിക്കുന്ന വഴിയോരക്കടകൾ ഒഴിയണമെന്നാവശ്യപ്പെട്ട് ദേശിയപാത വിഭാഗത്തിന്റെ നോട്ടീസ്.ഇത് സംബന്ധിച്ചുള്ള അറിയിച്ച് കടകളിൽ പതിക്കുകയും വഴിയോരകടകൾ നടത്തുന്നവർക്ക് കൈമാറുകയുംചെയ്തു.നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം കടകൾ നീക്കം ചെയ്യണമെന്നാണ് അറിയിപ്പ്.അല്ലാത്ത പക്ഷം കൈയ്യേറ്റം ഒഴിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചിലവ് കടയുടമകളിൽ നിന്ന് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. നാളുകൾക്ക് മുമ്പ് മൂന്നാർ മേഖലയിൽ വഴിയോരക്കടകൾ ഒഴിപ്പിച്ചിരുന്നു.ഇതിന് ശേഷം വീണ്ടും വഴിയോരക്കടകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് ദേശിയപാത വിഭാഗത്തിന്റെ ഇപ്പോഴത്തെ നടപടി.രണ്ടാംമൈലിലടക്കം നിരവധിയായ വഴിയോരക്കടകൾ ദേശിയപായോരത്തുണ്ടായിരുന്നു.ഇവയെല്ലാം പൂർണ്ണമായി നീക്കം ചെയ്യപ്പെട്ടു.മൂന്നാർ മേഖലയിൽ വഴിയോരക്കടകൾ നീക്കം ചെയ്യുന്നഘട്ടത്തിൽ പ്രതിഷേധമുയരുകയും രാഷ്ട്രീയ ഇടപെടൽ ഉണ്ടാവുകയും ചെയ്തിരുന്നു.ഇതോടെ നീക്കം നിലച്ചു.മാസങ്ങൾ പിന്നിട്ടതോടെ പുതിയതായി വീണ്ടും മറ്റ് പലയിടങ്ങളിലുമായി വഴിയോരക്കടകൾ രൂപം കൊണ്ടു.വഴിയോരക്കടകൾ വർദ്ധിച്ചാൽ വീണ്ടും ഗതാഗതകുരുക്കടക്കമുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നീക്കവുമായി ദേശിയപാത വിഭാഗം രംഗത്ത് വന്നിട്ടുള്ളത്.