cardiolagy

അടിമാലി: കാത്തിരിപ്പിനൊടുവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. താലൂക്കാശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ മേഖലയിലെ ആളുകൾക്ക് പ്രതീക്ഷ നൽകിയാണിപ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി ഒ .പി വിഭാഗം പ്രവർത്തന സജ്ജമാക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൾട്ടന്റിനെയാണ് ആഴ്ച്ചയിൽ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി നിയമിച്ചിരിക്കുന്നത്.എല്ലാ വ്യാഴാഴ്ച്ചയും ഡോക്ടറുടെ സേവനം അടിമാലി താലൂക്കാശുപത്രിയിൽ ലഭ്യമാകും.കാർഡിയാക് ചികിത്സയുമായി ബന്ധപ്പെട്ടുള്ള എക്കോ, ടി.എം.ടി ഉൾപ്പെടെയുള്ള വിവിധ മെഷീനറികളും മറ്റും ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല.ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും 16ന് ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തു നൽകിയിരുന്നു.ഈ ഇടപെടലാണിപ്പോൾ ഫലം കണ്ടിട്ടുള്ളത്.ഇതോടൊപ്പം ടെക്നിഷ്യന്റെ സേവനം കൂടി ആവശ്യമായിട്ടുണ്ട്.

പ്രതീക്ഷ ഏറെ

ഹൃദയ സംബന്ധമായ ചികിത്സാ ആവശ്യങ്ങൾക്ക് നിലവിൽ ഹൈറേഞ്ചിൽ നിന്നുള്ള രോഗികൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് 150 കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തേണ്ട സാഹചര്യമാണുള്ളത്. ആശുപത്രിയുടെ ഭാഗമായി ഐ.സി.യു ആൻഡ് കാത്ത് ലാബ് സിസിയു സൗകര്യങ്ങളൊരുക്കാൻ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.ഇവിടേക്ക് ആവശ്യമുള്ള ഉപകരണങ്ങളും മറ്റ് സാമഗ്രികളും എത്തിക്കുകയും നിയമനങ്ങൾ നടത്തുകയും അനുമതി ലഭ്യമാക്കുകയും ചെയ്താൽ കാർഡിയോളജി വിഭാഗം പൂർണ്ണതോതിൽ പ്രവർവർത്തിക്കാൻ സാധിക്കും.