കട്ടപ്പന: എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ സത്യഗ്രഹ സമരം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്ന് പ്രകടനമായിട്ടാണ് സെയിൽ ടാക്സ് ഓഫീസിലെത്തിയത്. 12-ാം പെൻഷൻ പരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശികയായ ഗഡു ക്ഷാമാശ്വാസം (18%) അനുവദിക്കുക, മെഡിസെപ്പ് ഓപ്ഷൻ അനുവദിക്കുക, 11-ാം പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായി പിടിച്ചുവച്ച ക്ഷാമാശ്വാസത്തിന്റെ മൂന്നും നാലും ഗന്ധുക്കൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷാജി, കെ.എ. മാത്യു, സി. തങ്കദുരെ, കിങ്ങിണി വി.കെ, പി.ജെ. ജോസഫ്, സണ്ണി മാത്യു എന്നിവർ സംസാരിച്ചു.