കട്ടപ്പന: നാടിന്റെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ച മുൻ എംഎൽഎ വി ടി സെബാസ്റ്റ്യന്റെ പ്രതിമ നഗരത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും നിവേദനം നൽകി. കട്ടപ്പന പള്ളിക്കവല റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് നിവേദനം കൈമാറി. ഉടുമ്പൻചോല, ഇടുക്കി മണ്ഡലങ്ങളിൽനിന്നായി രണ്ടുതവണ എംഎൽഎയായി. കട്ടപ്പന പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും 10 വർഷം കേരളാ ഹൗസിങ്ങ് ബോർഡ് ചെയർമാനായും നിരവധി കർഷക, കർഷകേതര സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സർക്കാർ സ്ഥാപനങ്ങൾ കട്ടപ്പനയിലെത്തിച്ചതും അദ്ദേഹത്തിന്റെ ഇടപെടലിലാണെന്നും ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി ജോഷി കുട്ടട, ട്രഷറർ കെ പി ബഷീർ, അഡ്വ. എം കെ തോമസ്, സിജോമോൻ ജോസ്, ബൈജു എബ്രഹാം, ഷമേജ് കെ ജോർജ്, സനോൺ സി തോമസ്, ബിനു തങ്കം, രമണൻ പടന്നയിൽ, റെജി ജോസഫ്, വിൻസെന്റ് ജോർജ്, സിബി സെബാസ്റ്റ്യൻ, അജിത്ത് സുകുമാരൻ, അനിൽകുമാർ നായർ എന്നിവരും പങ്കെടുത്തു.