മുട്ടം: മാത്തപ്പാറ അമ്പാട്ട് കോളനി, ഐ.എച്ച്.ഡി.പി കോളനി പ്രദേശങ്ങളിലെ റോഡ് ടാറിങ്ങ് നടത്താത്തതിനെ തുടർന്ന് വിവിധ തലങ്ങളിൽ പരാതിനൽകാൻ മാത്തപ്പാറ ഹെവൻവാലി റെസിഡൻസ് അസോസിയേഷൻ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, ലീഗൽ സർവീസ് അതോറിറ്റി എന്നിവർക്കാണ് പരാതി നൽകുന്നത്. മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ജലജീവൻ മിഷൻ അധികൃതരാണ് റോഡ് കുത്തിപ്പൊളി ച്ചത്. കുത്തിപ്പൊളിക്കുന്ന റോഡ് ടാറിങ്ങ് നടത്തുന്നതിന് പദ്ധതി പ്രകാരം പണം അനുവദിച്ചിട്ടുണ്ടെന്നും കുത്തിപ്പൊളിക്കുന്ന റോഡ് രണ്ടാഴ്ച്ചക്കുള്ളിൽ ടാറിങ്ങ് നടത്തുമെന്നും ജലജീവൻ മിഷൻ അധികൃതർ ഹെവൻ വാലി റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കും പ്രദേശവാസികൾക്കും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, രണ്ട് വർഷം ആകാറായിട്ടും കുത്തിപ്പൊളിച്ച റോഡ് നന്നാക്കാൻ ജലജീവൻ മിഷൻ അധികൃതർ തയ്യാറാകാത്ത അവസ്ഥയാണ്. റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയുന്നില്ല. സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന ഓട്ടോറിക്ഷകൾ ഓട്ടം അവസാനിപ്പിക്കുന്ന തീരുമാനത്തിലാണ്. ഇത് സംബന്ധിച്ച് ജലജീവൻ മിഷൻ അധികൃതറെ സമീപിക്കുമ്പോൾ ഉടൻ ടാറിങ്ങ് നടത്തുമെന്ന് പറഞ്ഞ് പ്രദേശവാസികളെ കബളിപ്പിക്കുന്ന നടപടികളാണ് തുടർച്ചയായിട്ടുണ്ടാകുന്നത്. പദ്ധതി പൂർത്തീകരണത്തിന് 112 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിൽ എത്ര തുക നൽകി, പണികൾ പൂർത്തീകരിച്ചതിന്റെ വിവരങ്ങൾ, പദ്ധതിക്ക് വേണ്ടി അനുവദിച്ച പണം മറ്റ് പ്രവർത്തികൾക്ക് വക മാറ്റിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിലും പരാതി നൽകുമെന്ന് റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.