കുമാരമംഗലം: കുമാരമംഗലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആശുപത്രിപടിക്ക് സമീപം താമസിക്കുന്ന മണ്ണക്കുന്നേൽ ജയന്റെ വീട്ടിൽ ബുധനാഴ്ച അർദ്ധരാത്രിയിലാണ് പാമ്പ് കയറിയത്. രാത്രിയിൽ വളർത്തുനായ നിർത്താതെ കുരച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഒഴിഞ്ഞ് കിടന്ന മുറിയിൽ പാമ്പിനെ കണ്ടത്. തുടർന്ന് വനപാലകരുടെ നിർദ്ദേശാനുസരണം ഒരു പൈപ്പ് കഷണം മുറിയിൽ ഇട്ട് നൽകി. പാമ്പ് ഇതിനുള്ളിൽ കയറിയപ്പോൾ അടച്ച് വെയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ അറക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്നും വനപാലകരെത്തി പാമ്പിനെ ഏറ്റെടുത്ത് കുളമാവ് വനമേഖലയിൽ തുറന്ന് വിട്ടു.ആറടിയോളം നീളവും എട്ട് കിലോയോളം തൂക്കവുമുള്ള പാമ്പിനെയാണ് പിടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.