അടിമാലി: ചൊക്രമുടിയിലെ വിവാദ ഭൂമിയിലെ ഒരു അനധികൃത പട്ടയം കൂടി റവന്യൂ വകുപ്പ് റദ്ദ് ചെയ്തു. വിന്റർ ഗാർഡൻ എന്ന റിസോർട്ട് പ്രവർത്തിച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. മേരികുട്ടി വർഗീസ് വാഴയിൽ ചൊക്രമുടി എന്ന മേൽവിലാസത്തിലുള്ള പട്ടയമാണ് റദ്ദാക്കിയിട്ടുള്ളത്. പട്ടയത്തിൽ സൂചിപ്പിക്കുന്ന സർവ്വേ നമ്പറും എൽ.എ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയത്തോടെയാണ് നടപടി. ഒരേക്കറിൽ അധികം ഭൂമിയാണ് അനധികൃതമായി പട്ടയം സമ്പാദിച്ച് ഇവർ കൈവശം വെച്ചിരുന്നത്. വിന്റർ ഗാർഡൻ എന്ന പേരിൽ റിസോർട്ടും ഇവിടെ പ്രവർത്തിച്ചിരുന്നു. മുമ്പ് റദ്ദ് ചെയ്ത നാല് പട്ടയങ്ങളിലായി 13.79 ഏക്കർ ഭൂമിയാണ് അനധികൃതമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്നത്. അറുപതോളം ആളുകളുടെ കൈവശം ആയിരുന്നു ഈ ഭൂമി. മേഖലയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി തുടരുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.