തൊടുപുഴ: പട്ടയം കവലയിൽ തെരുവ്നായക്കൾ പറമ്പിൽ കെട്ടിയിരുന്ന ആടുകളെ കടിച്ച് കൊന്നു. പട്ടയം കവല- പഴുക്കാക്കുളം കനാൽ റോഡിൽ കേളകത്ത് വീട്ടിൽ ജോണിന്റെ ആളുകളെയാണ് നായ്ക്കൂട്ടം കൊന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിട്ട് തീറ്റിയിരുന്ന മൂന്ന് ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. ഇതിൽ രണ്ടെണ്ണം ചത്തു. കടിയേറ്റതിൽ ജീവനുണ്ടായിരുന്ന ഒരാടിനെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇതിന്റെ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. കെട്ടിയിട്ടിരുന്ന ഏഴ് ആടുകളിൽ മൂന്നെണ്ണത്തിനെയാണ് ആറോളം വരുന്ന നായ്ക്കൂട്ടം ആക്രമിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ജോൺ അടിനെ വളർത്തുന്നുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമാണ്. കനാൽ റോഡിൽ ഏതാനും നാളുകളായി തെരുവ് നായകൾ കൂട്ടത്തോടെ കഴിയുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ അടക്കം റോഡരുകിൽ വലിച്ചെറിയുന്നതിനാലാണ് ഇവ പ്രദേശത്ത് ചുറ്റിത്തിരിയുന്നതെന്നും ആരോപണമുണ്ട്.