ചെറുതോണി: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ടാപ്പ് വഴി വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന പ്രവർത്തികൾക്ക് 146.8 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പൊന്മുടി ഡാമിൽ സ്ഥാപിക്കുന്ന ഫ്ളോട്ടിംഗ്‌ പോൺ ടൂണിൽ നിന്ന് പൈപ്പ് വഴി പ്രതിദിനം 22 ദശലക്ഷം ലിറ്റർ ഉത്പാദന ശേഷിയുള്ള ശുദ്ധീകരണശാലയിലേക്ക് ജലമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ശുദ്ധീകരിച്ച ജലം പ്ലാന്റിനോട് അനുബന്ധിച്ചുള്ള പമ്പ്ഹൗസിൽ നിന്ന് പൂതാളി, നാടുകാണി, ആൽപാറ, പന്നിയാർകുട്ടി എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് എത്തിക്കും. തുടർന്ന് ആൽപാറ ടാങ്കിൽ നിന്ന് ഇഞ്ചപതാലിലെയും പൂതാളി ടാങ്കിൽ നിന്ന് കണ്ണാടിപ്പാറ, കുരുവിളാസിറ്റി എന്നീ ടാങ്കുകളിലേക്കും പണിക്കൻകുടി ടോപ് ടാങ്കിലേക്കും വെള്ളം എത്തിക്കും. കുരുവിളാസിറ്റി ടാങ്കിൽ നിന്ന് കുരിശുകുത്തി ടാങ്കിലേക്കും ഗ്രാവിറ്റി വഴി നിലവിലെ ചിന്നാർ, ഇഞ്ചത്തൊട്ടി എന്നീ ടാങ്കുകളിലേക്കും പണിക്കൻകുടി ടോപ് ടാങ്കിൽ നിന്ന് നിലവിലെ പണിക്കൻകുടി, നിലവിലെ പറുസിറ്റി എന്നീ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും. പൂതാളി ടാങ്കിൽ നിന്ന് പമ്പിംഗ് മെയിനായി തിങ്കൾകാട് എന്ന സ്ഥലത്തെ ടാങ്കിലേക്ക് വെള്ളമെത്തിച്ച് അവിടെ നിന്ന് പമ്പ് ചെയ്ത് കരിമലയിലെ ടാങ്കിലേക്കും എത്തിക്കും. ജല സംഭരണികളിൽ നിന്ന് സമീപപ്രദേശങ്ങളിലുള്ള ഗ്രാമീണമേഖലകളിലെ വീടുകളിൽ ജലവിതരണം സാദ്ധ്യമാകും വിധത്തിൽ വിതരണശാഖകൾ സ്ഥാപിച്ച് വീടുകൾക്ക് കണക്ഷൻ നൽകുന്നു. കൊന്നത്തടി പഞ്ചായത്തിൽ 7863 കണക്ഷൻ നൽകാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ശുദ്ധജല ശാല നിർമ്മിക്കുന്ന സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.