ആലക്കോട് : ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ സേവനം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ കേരളാ വനിത കോൺഗ്രസ് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. നൂറുകണക്കിന്‌ രോഗികൾ ദിവസേന എത്തുന്ന ആശുപത്രിയിൽ മരുന്ന് ലഭ്യമാകണമെങ്കിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളത്. വയോധികരും സ്ത്രീകളും ഉൾപ്പെടെയുള്ള രോഗികൾക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനു പരിഹാരമായി അടിയന്തരമായി ആശുപത്രിയിൽ ഫാർമസിസ്റ്റിനെ നിയമിക്കാൻ അധികാരികൾ തയ്യാറാകണം. വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജാൻസി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടോമി കാവാലം, ജിൻസി ജിമ്മി വെട്ടികാട്ടിൽ, കുട്ടിയമ്മ ജോസഫ്‌ തോലാമ്പാറയിൽ എന്നിവർ പ്രസംഗിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി ടെസി ജോണി മാങ്കൂട്ടം (പ്രസിഡന്റ്), ജാൻസി ദേവസ്യ, സൂസി മാത്യു (വൈസ് പ്രസിഡന്റ്), ജെസി തോമസ്, ഡെയ്സി കണ്ടത്തിൽ, ജിൻസി വെട്ടുകാട്ടിൽ (സെക്രട്ടറി), ബിനു എബി (ട്രഷറർ), സെലിൻ ബേബി, ജാൻസി മാത്യു, ഡീന എമ്മാനുവേൽ, സിന്ധു ശിവദാസ്, എൽസമ്മ ജോർജ്ജ് എന്നിവരെ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.