വണ്ടന്മേട്: വിദ്യാർത്ഥികളടക്കമുള്ള യുവാക്കൾക്കിടയിലെ സിന്തറ്റിക് ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവുമാണ് സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിങ്. അദ്ധ്യാപകരും രക്ഷകർത്താക്കളും ജാഗ്രതപുലർത്തിയാൽ ഒരു പരിധിവരെ ഇതിനെ തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസം തകർക്കുന്ന ഘടകങ്ങൾ കണ്ടെത്താനും പരിഹരിക്കാനും അദ്ധ്യാപകർക്ക് കഴിയണം. ചെറുപ്പത്തിൽ സംസാരിക്കാൻ പ്രയാസമനുഭവിച്ചിരുന്ന തനിക്ക് സഹപാഠികളുടെ പരിഹാസം നേരിടേണ്ടി വന്നിരുന്നു. അത് അക്കാലത്ത് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നതായും ഋഷിരാജ് സിങ് അനുസ്മരിച്ചു. ലഹരി വിരുദ്ധ കാമ്പയിനും അദ്ധ്യാപക രക്ഷാകർതൃ സംഗമവും എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്‌കൂൾസ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.യു. ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാസിത് ഹസൻ, സെക്രട്ടറി ഷാജിമോൻ പുഴക്കര, സ്‌ക്കൂൾ കമ്മിറ്റി പ്രസിഡന്റ് അഡ്വ. നൂർ സമീർ, പ്രിൻസിപ്പൽ ഫിറോസ് സി.എം, പ്രധാനദ്ധ്യാപിക മായ വസുന്ധരാ ദേവി, പി.ടി.എ പ്രസിഡന്റ് ലൗലി സാജു എന്നിവർ സംസാരിച്ചു.