ഇടുക്കി: ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവിന്റെ ഭാര്യയെ അപമാനിക്കുന്ന തരത്തിൽ ഊമക്കത്തുകൾ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് കേസെടുത്തു. തിരുവനന്തപുരം, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നായി 15ലേറെ കത്തുകൾ ജില്ലയിലെ തന്നെ കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചതായാണ് വിവരം. നേതാവിനെതിരായും കത്തിൽ പരാമർശങ്ങളുണ്ട്. കത്ത് കിട്ടിയവർ നേതാവിന്റെയും ഭാര്യയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പരാതി നൽകുകയായിരുന്നെന്നാണ് വിവരം. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.