തൊടുപുഴ: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കൂടുതൽ കെട്ടുറപ്പോടും ഐക്യത്തോടും കൂടി നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡലം ചെയർമാൻ, കൺവീനർമാർ മുതലുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യു.ഡി.എഫ് ഏകദിന നേതൃസംഗമം 16ന് രാവിലെ 10 മുതൽ നാല് വരെ മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് യോഗം അന്തിമ രൂപം നൽകും. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട ദേശീയ, സംസ്ഥാന, പ്രാദേശിക വിഷയങ്ങളും പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യും. വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂർ, ജി. വർഗീസ്, കെ.എ. കുര്യൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ ശതാഭിഷിക്തനായ യു.ഡി.എഫിന്റെ മുതിർന്ന നേതാവ് പി.ജെ. ജോസഫ് എം.എൽ.എയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരിക്കും. അനുമോദനയോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ ഇ.എം. അഗസ്തി, റോയി കെ. പൗലോസ്, ടി.എം. സലിം, തോമസ് പെരുമന, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, സുരേഷ് ബാബു, നോബിൾ ജോസഫ്, പി.എം. അബ്ബാസ്, പി.സി. ജയൻ, സാബു മുതിരക്കാല തുടങ്ങിയവർ സംസാരിക്കും.